ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെസ്റ്റ് ഡെർബിയിൽ കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ച് ബ്രെന്‍റ്ഫോർഡ്. ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി പിരിയുകയായിരുന്നു.
പോയന്‍റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരമാണ് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി നീലപ്പട നഷ്ടപ്പെടുത്തിയത്. കോൾ പാമർ (61), മോയിസെസ് കൈസെഡോ (85) എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. കെവിന്‍ ഷേഡ് (35), ഫാബിയോ കാർവാലോ (90+3) എന്നിവരാണ് ബ്രെന്‍റ്ഫോർഡിന്‍റെ സ്കോറർമാർ.
ചെൽസിയെ ഞെട്ടിച്ച് മത്സരത്തിൽ ആദ്യം ലീഡെടുത്തത് ആതിഥേയരായിരുന്നു. 35ാം മിനിറ്റില്‍ കെവിന്‍ ഷേഡിലൂടെയാണ് ബ്രെന്‍റ്ഫോർഡ് മുന്നിലെത്തിയത്. ജോർഡൻ ഹെൻഡേഴ്സൺ 40 മീറ്റർ അകലെ നിന്ന് നൽകിയ ലോങ് പാസ്സ് ഓടിയെടുത്ത ജർമൻ താരം ഷേഡ്, പ്രതിരോധ താരത്തെ വെടിയൊഴിഞ്ഞ് പന്ത് വലയിലാക്കി. ഗോൾ തിരിച്ചടിക്കാനുള്ള ചെൽസിയുടെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. 1-0ത്തിനാണ് മത്സരം ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ചെൽസി കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതാണ് കണ്ടത്. ഒടുവില്‍ 61ാം മിനിറ്റില്‍ പകരക്കാരൻ പാമറിലൂടെ ടീം മത്സരത്തിൽ ഒപ്പമെത്തി. പരിക്കേറ്റ താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ജാവോ പെഡ്രോയാണ് ഗോളിന് വഴിയൊരുക്കിയത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ മത്സരം ആവേശത്തിലായി. 85ാം മിനിറ്റിൽ കൈസെഡോ ചെൽസിക്ക് ലീഡ് നേടികൊടുത്തു. മത്സരം ചെൽസി ജയിച്ചെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ആരാധകരുടെ നെഞ്ച് തകർത്ത് ബ്രെന്‍റ്ഫോർഡ് സമനില പിടിക്കുന്നത്.
ഇൻജുറി ടൈമിൽ (90+3) കെവിൻ ഷേഡിന്‍റെ ഒരു ലോങ് ത്രോയാണ് വിജയത്തോളം പോന്ന സമനില ടീമിന് സമ്മാനിച്ചത്. ‘അവിശ്വസനീയം. അവസാന നിമിഷത്തിലെ ഗോൾ എല്ലാവർക്കും ഇഷ്ടമാണ്. ആ ഗോൾ നേടാനായതിൽ അതിയായ സന്തോഷമുണ്ട്’ -കാർവാലോ മത്സരശേഷം പ്രതികരിച്ചു.
നാലു മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ്. നാലു പോയന്‍റുള്ള ബ്രെന്‍റ്ഫോർഡ് 12ാം സ്ഥാനത്തും. നാലു മത്സരങ്ങളിൽനിന്ന് ഒമ്പത് പോയന്‍റ് വീതമുള്ള ആഴ്സണലും ടോട്ടൻഹാമുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഞായറാഴ്ച നടക്കുന്ന മത്സരം ജയിച്ചാൽ ലിവർപൂളിന് ഒന്നാം സ്ഥാനത്തേക്ക് കയറാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

