മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, യമാലാണ് താരം; ഇതിഹാസങ്ങളെ വെട്ടി ബാഴ്സ കൗമാരക്കാരൻ
text_fieldsമഡ്രിഡ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കിവാണ ഫുട്ബാൾ വിപണിയെ അട്ടിമറിച്ച് സ്പാനിഷ് കൗമാരക്കാരൻ ലമിൻ യമാൽ. കിരീടങ്ങളും ഗോൾ വേട്ടയുമായി മെസ്സിയെയും ക്രിസ്റ്റ്യാനോയെയും വെല്ലുവിളിക്കുന്ന 18കാരൻ വിപണിയിലെ കുതിപ്പിലും ഇതിഹാസങ്ങളെ പിന്നിലാക്കിയതാണ് 2025ലെ ഏറ്റവും പുതിയ റിപ്പോർട്ട്. സ്കോർ90 എന്ന ഫുട്ബാൾ പോർട്ടലാണ് ലോകഫുട്ബാളിലെ വിപണി താരങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. മെസ്സിയെയും ക്രിസ്റ്റ്യാനോയെയും തോൽപിക്കുന്ന ബ്രാൻഡ് വാല്യു ആയി മാറി ലാമിൻ യമാൽ വളരുന്നുവെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ലോകവ്യാപകമായി വിറ്റഴിച്ച ജഴ്സിയുടെ കണക്കിൽ യമാൽ ഇരു താരങ്ങളെയും പിന്നിലാക്കി.
ഈ വർഷം ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം യമാലിന്റെ പേരിലെ 13.2 ലക്ഷം ജഴ്സികളാണ് വിറ്റത്. ഒന്നാം സ്ഥാനം യമാൽ വെട്ടിപ്പിടിച്ചുവെങ്കിലും രണ്ടാം സ്ഥാനത്ത് മെസ്സിയുണ്ട്. അർജന്റീന, ഇന്റർ മയാമി താരത്തിന്റെ പേരിലെ 12.8 ലക്ഷം ജഴ്സികളാണ് ഈ വർഷം വിറ്റത്. മൂന്നാമതായി ബാഴ്സലോണയുടെ പോളിഷ് താരം റോബർഡോ ലെവൻഡോവ്സ്കി. 11 ലക്ഷം ജഴ്സികൾ. നാലാം സ്ഥാനത്ത് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും (10.2 ലക്ഷം), അഞ്ചാമത് വിനീഷ്യസ് ജൂനിയറും (ഏതാണ്ട് പത്ത് ലക്ഷം) ഇടം നേടി. ടോപ് ടെൻ പട്ടികയിൽ െഫ്ലമിങോയുടെ ജോർജിയൻ ഡി അറസ്കറ്റക്ക് പിന്നിൽ ഏഴാം സ്ഥാനത്താണ് പോർചുഗലിന്റെയും സൗദി പ്രോ ലീഗായ അൽനസ്റിന്റെയും താരമായ ക്രിസ്റ്റ്യാനോയുടെ ഇടം. ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുനൈറ്റഡ്), ഹാരി കെയ്ൻ, റോഡ്രിഗോ എന്നിവർ ആദ്യ പത്തിലുണ്ട്.
ഔദ്യോഗിക ജഴ്സിയുടെ വിലയിലും കേമൻ ലമിൻ യമാൽ തന്നെ. ബാഴ്സലോണ ഷോപ്പ് വഴി യമാൽ ജഴ്സിക്ക് 114 യൂറോ (12,000 രൂപ) ആണ് വില. ഈ വർഷം ജഴ്സി വിൽപനയിലൂടെ മാത്രം ലമിൻ യമാൽ 1.35 കോടി യൂറോയാണ് ക്ലബിന് വരുമാനം നൽകുന്നത്.
മെസ്സിയും ക്രിസ്റ്റ്യാനോയും അടക്കി വാണ ഫുട്ബാൾ വിപണിയിൽ തലമുറമാറ്റത്തിന്റെ പ്രകടനമായ സൂചനയായാണ് ലമിൻ യമാൽ ട്രെൻഡിനെ വിലയിരുത്തുന്നത്. വരും വർഷങ്ങളിൽ പുതു തലമുറ താരങ്ങൾ വിപണി പിടിക്കുമ്പോൾ അവരുടെ ലീഡറായി യമാൽ തന്നെയാവും മുന്നിലുണ്ടാവുകയെന്ന് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

