പെനാൽറ്റി പാഴാക്കി യമാൽ; വീണ്ടും തോറ്റ് ബാഴ്സലോണ; ലീഗിൽ പിന്നോട്ട്
text_fieldsബാഴ്സലോണ: കിങ്സ് കപ്പിലെ തോൽവിക്കു പിന്നാലെ, സ്പാനിഷ് ലാ ലിഗയിലും ബാഴ്സലോണക്ക് തോൽവി. ലാ ലിഗ സീസൺ ആരംഭിച്ചതു മുതൽ ടോപ് ഗിയറിൽ കുതിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ച ബാഴ്സ്ലോണ, റയലിന്റെ കുതിപ്പിൽ അടിതെറ്റിയതിനു പിന്നാലെ, ലീഗിൽ തുടർ തോൽവികളുമായി പിന്നിലേക്ക്. കഴിഞ്ഞ രാത്രിയിൽ ജിറോണക്കെതിരെ 2-1നായിരുന്നു ബാഴ്സലോണ തോറ്റത്. കിങ്സ് കപ്പിൽ അത്‍ലറ്റികോ മഡ്രിഡിന് മുന്നിൽ 4-0ത്തിന് തോറ്റമ്പിയതിന്റെ ക്ഷീണം മാറും മുമ്പാണ് നാലാം ദിനം ജിറോണക്കെതിരെയും തോറ്റത്.
ഒന്നാം പകുതിയിൽ ഇരു ടീമുളകും ഗോളവസരങ്ങൾ പാഴാക്കുന്നതിൽ മത്സരിച്ചു. ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ ലമിൻ യമാൽ പെനാൽറ്റി പാഴാക്കിയത് ബാഴ്സയുടെ താളപ്പിഴയുടെ പ്രതിഫലനമായി. യമാലിന്റെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. റഫീന്യയും തിരിച്ചുവരവിൽ ഫോമിലേക്കുയർന്നെങ്കിലും അവസരങ്ങളാക്കി മാറ്റാനായില്ല.
രണ്ടാം പകുതിയിലാണ് സ്കോർബോർഡിലെ ‘പൂജ്യം’ ആദ്യമായി മാഞ്ഞത്. 59ാം മിനിറ്റിൽ പൗ കുബാർസിയുടെ ഹെഡ്ഡർ ഗോൾ ബാഴ്സലോണക്ക് ആദ്യ ലീഡായി. പക്ഷേ, വർധിത വീര്യത്തോടെ തിരിച്ചടിച്ച ജിറോണ തൊട്ടു പിന്നാലെ ഗോൾ നേടി. 61ാം മിനിറ്റിൽ തോമസ് ലിമാർ ലക്ഷ്യത്തിലെത്തിച്ച് സമനില പിടിച്ചു.
86ാം മിനിറ്റിൽ ഫ്രാൻ ബെൽട്രാനിലൂടെ ജിറോണയുടെ വിജയ ഗോളും പിറന്നു. അവസാന മിനിറ്റുകളിൽ റോബർട് ലെവൻഡോവ്സ്കിയും യമാലും ഉൾപ്പെടെ ആക്രമിച്ചു കളിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല. ഇതിനിടെ ഫൗളിന് മുറവിളി ഉയർന്നുവെങ്കിലും റഫറി അനുവദിച്ചില്ല. പരിക്ക് മാറി മിന്നും ഫോമിൽ തിരിച്ചെത്തിയ റഫീന്യ കളത്തിൽ ഇംപാക്ട് ആയെങ്കിലും ഗോളുകൾ പിറന്നില്ലെന്നത് തിരിച്ചടിയായി.
അവസാന മത്സരങ്ങളിൽ തുടർ വിജയങ്ങൾ സ്വന്തമാക്കിയ റയൽ മഡ്രിഡ് 24 കളിയിൽ 60 പോയന്റ് തികച്ച് ഒന്നാമതായപ്പോൾ, അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാഴ്സ 58 പോയന്റുമായി പിന്നിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

