Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഴ്സയിൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി; മുത്തശ്ശിയെ സാക്ഷിയാക്കി കരാർ പുതുക്കി യമാൽ -വിഡിയോ

text_fields
bookmark_border
ബാഴ്സയിൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി; മുത്തശ്ശിയെ സാക്ഷിയാക്കി കരാർ പുതുക്കി യമാൽ -വിഡിയോ
cancel

ബാഴ്സലോണയിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി! ഐക്കോണിക്കായ പത്താം നമ്പർ ജഴ്സി യുവതാരം ലാമിൻ യമാലിന് ക്ലബ് ഔദ്യോഗികമായി നൽകി.

ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ താരമായ യമാൽ, ഇനി ക്ലബിനൊപ്പം മെസ്സി അവിസ്മരണീയമാക്കിയ പത്താം നമ്പർ ജഴ്സി ധരിച്ചാകും കളിക്കാനിറങ്ങുക. സ്പാനിഷ് ക്ലബുമായി അടുത്തിടെ താരം കരാർ പുതുക്കിയിരുന്നു. കറ്റാലൻ ക്ലബുമായി ആറു വർഷത്തേക്കാണ് പുതിയ കരാറിലെത്തിയത്. 2031 വരെ യമാൽ ബാഴ്സയിൽ തുടരും.

കരാറിൽ ഒപ്പിടുന്ന വേളയിൽ തന്നെയാണ് താരത്തിന് പത്താം നമ്പർ ജഴ്സിയും ക്ലബ് ഔദ്യോഗികമായി നൽകിയത്. ഇതിന്‍റെ വിഡിയോയാണ് ഇപ്പോൾ ബാഴ്സ പുറത്തുവിട്ടത്. മുത്തശ്ശിയെ സാക്ഷിയാക്കിയാണ് യമാൽ ക്ലബുമായി പുതിയ കരാറിലെത്തിയത്. ഞായറാഴ്ച യമാലിന് 18 വയസ്സ് തികഞ്ഞതിനു പിന്നാലെയാണ് ഇതിന്‍റെ വിഡിയോകൾ പുറത്തുവിട്ടത്.

2021ൽ മെസ്സി പി.എസ്.ജിയിലേക്ക് പോയതിനുശേഷം അൻസു ഫാറ്റിയും ബാഴ്സയിൽ പത്താം നമ്പർ ജഴ്സി അണിഞ്ഞിരുന്നു. അൻസു ഫാറ്റി ഇറ്റാലിയൻ ക്ലബ് എ.എസ് റോമയിലേക്ക് പോയതിനുശേഷം ബാഴ്സയില്‍ പത്താം നമ്പർ ജഴ്സി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സയുടെ ആഭ്യന്തര ട്രെബ്ൾ കിരീട നേട്ടത്തിൽ യമാലിന് നിർണായക പങ്കുണ്ടായിരുന്നു. 2023ൽ 15ാം വയസ്സിലാണ് യമാൽ ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുന്നത്.

തുടക്കത്തിൽ 41ാം നമ്പർ ജഴ്സിയാണ് താരം ധരിച്ചിരുന്നത്. പിന്നാലെ 27ാം നമ്പർ ജഴ്സിയും കഴിഞ്ഞ സീസണിൽ 19ാം നമ്പർ ജഴ്സിയും ധരിച്ചാണ് കളിച്ചത്. 2005-2008 സീസണുകളിൽ ബാഴ്സയിൽ മെസ്സി 19ാം നമ്പർ ജഴ്സിയാണ് ധരിച്ചിരുന്നത്. ലാ ലിഗയിൽ 55 മത്സരങ്ങളിൽനിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരത്തിന്‍റെ ബൂട്ടിൽനിന്ന് പിറന്നത്. ഹാൻസി ഫ്ലിക്ക് പരിശീലകനായി ചുമതലയേറ്റ ആദ്യ സീസണിൽ തന്നെ ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കീരിടങ്ങൾ നേടി ടീം കരുത്തു തെളിയിച്ചു.

ബാഴ്സക്കായി 100 മത്സരങ്ങൾ കളിക്കുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 115 മത്സരങ്ങളിൽനിന്ന് 25 ഗോളുകളാണ് താരം നേടിയത്. ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന്‍റെ പേരിലാണ്. സ്പെയിൻ ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചു. 2024 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം നേടിയ സ്പെയിൻ ദേശീയ ടീമിലും അംഗമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lamine Yamal Inherits Lionel Messi's No 10 Jersey
Next Story