"ഇത് ഐസ് ഹോക്കിയല്ല...!, മേജർ സോക്കർ ലീഗ് മത്സരം"
text_fieldsമേജർ സോക്കർ ലീഗിൽ ലോസ് ആഞ്ജലസും റിയൽ സാൾട്ട് ലേക്കും തമ്മിലുള്ള മത്സരത്തിൽനിന്ന്
വാഷിങ്ടൺ: മൈതാനത്തെ മഞ്ഞുവീഴ്ച ചെറുതായൊക്കെ പരിചിതമാണ് ലോകമെങ്ങും മുൻനിര ഫുട്ബാൾ ലീഗുകളിൽ. യു.എസിൽ മേജർ സോക്കർ ലീഗിലും അതുതന്നെ സംഭവിക്കുമെന്നേ കഴിഞ്ഞ ദിവസവും കരുതിയിരുന്നുള്ളൂ. കടുത്ത കാലാവസ്ഥയിൽ രണ്ടു മണിക്കൂർ വൈകിയതിനൊടുവിൽ പുനരാരംഭിച്ച മത്സരം നാലു മിനിറ്റ് കഴിഞ്ഞ് വീണ്ടും നിർത്തിവെക്കുന്നു.
ഇത്തവണ ഇടിമിന്നലായിരുന്നു വിഷയം. ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിൽ പുനരാരംഭിക്കുമ്പോൾ പക്ഷേ, മൈതാനമാകെ മഞ്ഞുപുതഞ്ഞനിലയിലായിരുന്നു. ഐസ് ഹോക്കി മറ്റൊരു ഗെയിമാണെങ്കിൽ സമാനമായി ഐസ് സോക്കറിനായിരുന്നു കാണികൾ സാക്ഷിയായത്. കരുതലോടെ കളി നയിച്ച ലോസ് ആഞ്ജലസ് എഫ്.സിയും റിയൽ സാൾട്ട് ലേക്കും വലിയ അങ്കത്തിനു നിൽക്കാതെ 90 മിനിറ്റ് കളി പൂർത്തിയാക്കി. കളി ഏകപക്ഷീയമായ മൂന്നു ഗോളിന് സാൾട്ട് ലേക്ക് ടീം ജയിക്കുകയും ചെയ്തു.
ഇത്ര മോശം കാലാവസ്ഥയിലും കളി നിർത്തിവെക്കാതെ തുടർന്നതാണ് വിസ്മയമായത്. പലപ്പോഴും കിക്കുകൾക്കായി താരങ്ങളെ നിർത്താൻ റഫറി കാലുകൊണ്ട് ശരിക്കും അധ്വാനിച്ച് വരയിടുന്ന കാഴ്ചയടക്കം കൗതുകങ്ങളേറെയായിരുന്നു സാൾട്ട് ലേക്ക് മൈതാനത്ത്.
സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയായിരുന്നു ആതിഥേയർ കാൽ ഡസൻ ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ചത്. ആദ്യ പകുതിയിൽതന്നെ ഗോളുകൾ മുഴുവൻ അടിച്ചുകൂട്ടിയ ടീം രണ്ടാം പകുതിയിൽ വലിയ ആക്രമണത്തിന് മുതിരാതെ പ്രതിരോധിച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

