ഡബിൾ സുവാരസ്; അത്ലറ്റികോക്ക് സമനില
text_fieldsലണ്ടൻ: ഗോൾവേട്ടയിൽ ഉറൂഗ്വായ് താരം ലൂയിസ് സുവാരസ് വീണ്ടും മികവ് തുടർന്നെങ്കിലും ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിന് സമനില. ലാലിഗ മത്സരത്തിൽ സെൽറ്റ വിഗോയാണ് 2-2ന് കരുത്തരെ സമനിലയിൽ തളച്ചത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് (സാൻഡി മിന-13) ഇരട്ട ഗോളുമായി ലൂയിസ് സുവാരസ് (45, 50) മിന്നിച്ചത്.
പക്ഷേ, 89ാം മിനിറ്റിൽ ഫകുൻഡോ ഫെരേരയുടെ ഗോളിൽ സെൽറ്റ വിഗോ സമനില നേടുകയായിരുന്നു. ഈ ഇരട്ട ഗോള്‍ മികവിലൂടെ സുവാരസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്ഥാപിച്ച റെക്കോഡ് മറികടന്നു. ഒരു ലാലിഗ ക്ലബിനായി അരങ്ങേറി ആദ്യ 17 മത്സരങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് സുവാരസ് സ്വന്തമാക്കിയത്. ഈ സീസണിൽ ബാഴ്സയില്‍നിന്നും അത്ലറ്റികോയിലെത്തിയ താരം ആദ്യ 17 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇത്രയുംകാലം റൊണാള്‍ഡോയാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്. 2009ൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് റയലിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ആദ്യ 17 മത്സരങ്ങളില്‍നിന്നും 16 ഗോളുകളാണ് നേടിയിരുന്നത്.

