എംബാപ്പെയുടെ പനേങ്ക, വിനീഷ്യസ് ബ്രില്ല്യൻസ്; ആറിൽ ആറും ജയിച്ച് റയലിന്റെ കുതിപ്പ്
text_fieldsറയൽ മഡ്രിഡ് താരങ്ങളുടെ ഗോൾ ആഘോഷം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ വിജയക്കുതിപ്പ് തുടർന്ന് മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്. എതിരാളികളുടെ മണ്ണിൽ കളിക്കാനിറങ്ങിയ റയൽ മഡ്രിഡ് ലെവാന്റെയെ 4-1നാണ് തോൽപിച്ചത്. കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി മത്സരം നയിച്ചപ്പോൾ, വിനീഷ്യസ് ജൂനിയറും അർജന്റീനക്കാരൻ പുതുമുഖ താരം ഫ്രാങ്കോ മസ്റ്ററൻന്റുവാനോയും ഓരോ ഗോളും നേടി.
സീസണിൽ ആറിൽ ആറ് മത്സരവും ജയിച്ച് വിജയവഴിയിൽ മിന്നൽ കുതിപ്പാണ് റയലിന്റേത്.
വലൻസിയയിലെ ലെവാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എംബാപ്പെ, വിനീഷ്യസ്, അർദ ഗുലർ ത്രയങ്ങളിലൂടെയായിരുന്നു റയലിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയത്. മിക്ക അവസരങ്ങളുമായി എതിർ ഗോൾമുഖത്ത് വട്ടമിട്ട് പറന്നവർ, കളിയുടെ 28ാം മിനിറ്റിൽ വിനീഷ്യസിന്റെ മനോഹരമായ േപ്ലസിങ്ങിലൂടെ ആദ്യം ലക്ഷ്യം കണ്ടു. ഫെഡറികോ വാൽവെർഡെ നൽകിയ ക്രോസിൽ നിസ്സാരമായൊരു പുറംങ്കാലൻ ഷോട്ടിൽ വിനീഷ്യസാണ് വലുകലുക്കിയത്. പത്തു മിനിറ്റിന്റെ കാത്തിരിപ്പിനൊടുവിൽ വീനിഷ്യസ് നൽകിയ നെടുനീളൻ ക്രോസിലൂടെ ഫ്രാങ്കോ മസ്റ്റൻന്റുവാനോ റയൽ ജഴ്സിയിലെ ആദ്യ ഗോൾ കുറിച്ചു.
രണ്ടാം പകുതിയിൽ ഇയോങ്ങിലൂടെയാണ് ലെവാന്റെ മറുപടി ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയൽ കണ്ടത് കിലിയൻ എംബാപ്പെ കളം ഭരിക്കുന്ന കാഴ്ച. 63ാം മിനിറ്റിൽ എംബാപ്പെയെ ലാസ്റ്റ് മാൻ ഫൗളിലൂടെ വീഴ്ത്തിയതിനുള്ള ശിക്ഷയായി ലഭിച്ച പെനാൽറ്റി താരം തന്നെ അനായാസം വലയിലെത്തിച്ച് സ്കോറിങ്ങിന് തുടക്കം കുറിച്ചു. ലെവാൻ ഗോൾ കീപ്പർ ഇടത്തേക്ക് ചാടിയപ്പോൾ, തൂവൽ സ്പർശം പോലെ എംബാപ്പെ തൊടുത്ത പനേങ്ക കിക്ക് പതിയെ വലകുലുക്കി.
രണ്ട് മിനിറ്റിനുള്ളിൽ വീണ്ടും എംബാപ്പെ സ്കോർ ചെയ്തു. മധ്യവരകടന്നുകൊണ്ട് ഗുലർ നൽകിയ ക്രോസിൽ പന്ത് ഓടിപ്പിടിച്ചെടുത്ത എംബാപ്പെ ബ്രില്ല്യൻസിലൂടെ മറ്റൊരു ഗോൾ.
വ്യക്തമായ ലീഡുറപ്പിച്ചതിനു പിന്നാലെ കോച്ച് സാബി അലോൻസോ കാര്യമായ സബ്സ്റ്റിറ്റ്യൂഷനും നടത്തി. ചുവാമെനി, ജൂഡ് ബെല്ലിങ്ഹാം, അലാബ, കാമവിംഗ, റോഡ്രിഗോ എന്നിവരെയും കളത്തിലിറക്കി.
ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ വിയ്യ റയൽ 2-1ന് സെവിയ്യയെ തോൽപിച്ചു. അത്‍ലറ്റിക് ബിൽബാവോ-ജിറോ (1-1), വലൻസിയ-എസ്പാന്യോൾ (2-2) എന്ന നിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

