Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംബാപ്പെക്ക് ലോകകപ്പ് നഷ്ടമാവുമോ? ചങ്കിടിപ്പോടെ ഫ്രാൻസ്...

text_fields
bookmark_border
എംബാപ്പെക്ക് ലോകകപ്പ് നഷ്ടമാവുമോ? ചങ്കിടിപ്പോടെ ഫ്രാൻസ്...
cancel

പാരിസ്: 2026 ലോകകപ്പിൽ പന്തുരുളാൻ ഇനി 104 ദിവസങ്ങൾ മാത്രം. ഭൂമിയിലെ കായികപോരാട്ടങ്ങളുടെ സമുന്നതവേദിയിൽ ബൂട്ടുകെട്ടിയിറങ്ങുന്ന താരഗണങ്ങളിലേക്ക് ലോകം ഉറ്റുനോക്കുന്ന നാളുകളാണിനി. കരുത്തുറ്റ കളിക്കൂട്ടങ്ങളുടെ മുന്നണിയിൽ ​തേരുതെളിക്കുന്ന വമ്പന്മാർ തന്നെയാണ് അവരിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.

കഴിഞ്ഞ തവണ ഖത്തറിൽ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ കലാശപ്പോരിൽ മാറ്റുരച്ച ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ഇക്കുറിയും കളിക്കമ്പക്കാർ സാകൂതം കണ്ണയക്കുന്ന താരരജാക്കന്മാരാണ്. ആവേശം അലതല്ലിയ ലുസൈലിലെ മത്സരത്തിൽ എംബാപ്പെയുടെ ഹാട്രിക്കിനെ പിന്തള്ളി മെസ്സിയുടെ അർജന്റീന ടൈബ്രേക്കറിലാണ് വിശ്വകിരീടത്തിൽ മുത്തമിട്ടത്. ഇക്കുറിയും കിരീടത്തിനായി ഇരുനിരയും കോപ്പുകൂട്ടിയെത്തുമ്പോൾ ഫ്രാൻസിന്റെയും അർജന്റീനയുടെയും നായകത്വത്തിൽ ഇരുവരും തന്നെയാണുള്ളത്. 2026 ജൂൺ 11 മുതൽ ജൂ​ലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ.

എന്നാൽ, ഈ വർഷത്തെ ലോകകപ്പിന് കിലിയൻ എംബാപ്പെ ഉണ്ടാവുമോ എന്ന ആശങ്കയിലാണിപ്പോൾ ഫ്രഞ്ച് ഫുട്ബാളും കളിയാരാധകരും. യു.എസ്, കാനഡ, മെക്സികോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിൽ കിരീടമോഹത്തോടെ കളിക്കാനിറങ്ങുന്ന ഫ്രഞ്ച് ടീമിന്റെ നായകനായ എംബാപ്പെക്ക് കാൽമുട്ടിനേറ്റ പരിക്കാണ് വിനയാകുന്നത്. ഏറെ പ്രചാരമുള്ള ഫ്രഞ്ച് സ്പോർട്സ് ദിനപത്രമായ ‘എൽ എക്വിപ്’ ആണ് എംബാപ്പെയുടെ ലോകകപ്പ് സാന്നിധ്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വം റിപ്പോർട്ട് ചെയ്തത്.

കുറച്ചുകാലമായി എംബാപ്പെയുടെ ഇടതുകാൽമുട്ടിലെ പരിക്കാണ് ഈ ആശങ്കക്ക് കാരണം. റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ ഡിസംബർ മുതൽ ലിഗമെന്റിൽ വീക്കം നേരിടുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആറ് ആഴ്ചകളായി, എംബാപ്പെ ‘ഒരു കാൽ ഉപയോഗിച്ചാണ്’ കളിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേഗതയും മൂർച്ചയുള്ള ഗതിമാറ്റങ്ങളും അടിസ്ഥാനമാക്കി ലോക ഫുട്ബാളിൽ അനിതരസാധാരണ പ്രഹരശേഷി കാഴ്ചവെക്കുന്ന എംബാപ്പെ​യുടെ സ്വാഭാവിക കേളീശൈലിയെ പരിക്ക് ബാധിക്കുന്നുണ്ടന്നാണ് വിലയിരുത്തൽ.

കഴിയുന്നത്ര ​വേഗത്തിൽ പരിക്കിൽനിന്ന് മുക്തമാവുന്നതിനായി പ്രത്യക ചികിത്സാ പദ്ധതിക്ക് എംബാപ്പെ വിധേയനാകാൻ ഒരുങ്ങുകയാണെന്ന് എൽ എക്വിപ് പറയുന്നു. പരിക്കുകാരണം കൂടുതൽ കേടുപാടുകൾ ഉണ്ടാകുന്നത് തടയുന്നതിനും ശസ്ത്രക്രിയ നട​ത്തേണ്ടി വരുന്നത് ഒഴിവാക്കുന്നതിനുമായാണ് ഈ ചികിത്സ.

സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിനൊപ്പമുള്ള മൂന്ന് മത്സരങ്ങളിൽ താരം പുറത്തിരിക്കുമെന്നാണ് സൂചന. റയലിന്റെ നിരവധി പരിശീലന സെഷനുകളിൽനിന്നും റയൽ സൊസീഡാഡിനെതിരായ മത്സരത്തിൽനിന്നുമൊക്കെ 27-കാരൻ വിട്ടുനിന്നിരുന്നു. ഒസാസുനക്കും ബെൻഫിക്കക്കുമെതിരായ മത്സരങ്ങളിൽ 90 മിനിറ്റും കളത്തിലുണ്ടായിരുന്നെങ്കിലും ശാരീരികമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് എംബാപ്പെയുടെ ചലനങ്ങളിൽ വ്യക്തമായിരുന്നു. കളിയിൽനിന്ന് വിട്ടുനിന്ന് പരിക്കിൽനിന്ന് മുക്തമാവുകയെന്നതാണ് തീരുമാനമെന്നും കുറച്ച് ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷം തിരിച്ചെത്താനാവുമെന്നും റയൽ മഡ്രിഡ് കോച്ച് ആൽവാ​രോ ആർബലോവ വെളിപ്പെടുത്തി.

ലോകകപ്പിന് മുമ്പ് താര​ത്തിന്റെ പൂർണ ആരോഗ്യം വീണ്ടെടുക്കുകയെന്നതാണ് നിലവിലെ പ്രത്യേക ചികിത്സ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kylian Mbappe is at risk of missing the World Cup
Next Story