എൽ ക്ലാസിക്കോ തോറ്റെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി എംബാപ്പെ, മറികടന്നത് 32 വർഷം പഴക്കമുള്ള റെക്കോഡ്; ആദ്യ താരം...
text_fieldsബാഴ്സലോണ: എൽ ക്ലാസിക്കോയിൽ ബാഴ്സക്കു മുന്നിൽ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി റയൽ മഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ. ഫ്രഞ്ച് സൂപ്പർതാരം ഹാട്രിക് നേടിയ മത്സരത്തിൽ 3-4 എന്ന സ്കോറിനായിരുന്നു റയലിന്‍റെ തോൽവി.
രണ്ട് ഗോളിന് മുന്നിൽനിന്ന ശേഷമാണ് നാലെണ്ണം തിരിച്ചുവാങ്ങി റയൽ കളി കൈവിട്ടത്. ജയത്തോടെ ബാഴ്സ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ടാമതുള്ള റയലിനേക്കാൾ ലീഡ് ഏഴാക്കി. 35 മത്സരങ്ങളിൽ ബാഴ്സക്ക് 82ഉം റയലിന് 75ഉം പോയന്റാണുള്ളത്. എംബാപ്പെയുടെ ഹാട്രിക് ഗോളോടെ സീസണിൽ (2024-25) റയലിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി താരത്തിന്‍റെ ഗോൾ നേട്ടം 38 ആയി.
റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോഡും താരം സ്വന്തമാക്കി. 1992-93 സീസണിൽ ഇവാൻ സൊമൊരാന നേടിയ 37 ഗോളുകളെന്ന റെക്കോഡാണ് താരം മറികടന്നത്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡച്ച് മുൻതാരം വാൻ നിസ്റ്റൽറൂയി (33 ഗോളുകൾ വീതം) എന്നിവരെ നേരത്തെ തന്നെ എംബാപ്പെ പിന്നിലാക്കിയിരുന്നു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് സൗജന്യ ട്രാൻസ്ഫറിലാണ് 26കാരനായ എംബാപ്പെ റയലിലെത്തുന്നത്.
സീസണിന്‍റെ തുടക്കത്തിൽ റയലിനായി താളം കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ഫ്രഞ്ച് സ്ട്രൈക്കർ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ലാ ലിഗയിൽ മാത്രം സീസണിൽ 27 ഗോളുകളാണ് താരം ഇതുവരെ നേടിയത്. അരങ്ങേറ്റ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനായി 26 ഗോളുകളാണ് നേടിയത്. ബാഴ്സ കളിമുറ്റത്ത് അഞ്ചാം മിനിറ്റിൽ തന്നെ റയിൽ ലീഡെടുത്തിരുന്നു. പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെയാണ് അക്കൗണ്ട് തുറന്നത്. കളി കനപ്പിക്കാനുള്ള ബാഴ്സ നീക്കങ്ങൾക്കിടെ എംബാപ്പെ ഒരിക്കലൂടെ വല കുലുക്കി. തകർന്നുപോകുന്നതിന് പകരം ഇരട്ടി ഊർജവുമായി മൈതാനം നിറഞ്ഞ ആതിഥേയർ അഞ്ചു മിനിറ്റിനകം ഒരു ഗോൾ മടക്കി. ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ എറിക് ഗാർസിയയാണ് വല കുലുക്കിയത്.
പിന്നെയെല്ലാം ബാഴ്സ മയമായിരുന്നു. 32ാം മിനിറ്റിൽ പതിവ് ഹീറോയിസവുമായി പയ്യൻ യമാൽ റയൽ ഗോളി തിബോ കൊർട്ടുവയെ കാഴ്ചക്കാരനാക്കി. ഒപ്പമെത്തിയ കറ്റാലന്മാർ അവിടെയും നിർത്താതെ ആദ്യ പകുതിയിൽ തന്നെ രണ്ടെണ്ണം കൂടി എതിർവലയിൽ അടിച്ചുകയറ്റി. റഫീഞ്ഞയായിരുന്നു ഇരുവട്ടവും സ്കോറർ. ബാഴ്സക്കായി ഫെറാൻ ടോറസ് അസിസ്റ്റിൽ ഹാട്രിക് കുറിച്ചപ്പോൾ പെഡ്രി മൂന്നാം ഗോളിൽ അസിസ്റ്റ് നൽകി. കളി കൈവിടാതെ രണ്ടാം പകുതിയിൽ ഉശിരോടെ പൊരുതിയ റയൽ മഡ്രിഡിനായി എംബാപ്പെ തന്റെയും ടീമിന്റെയും മൂന്നാം ഗോൾ കുറിച്ചു. ഇത്തവണയും വിനീഷ്യസ് വകയായിരുന്നു അസിസ്റ്റ്. അവസാന ഘട്ടത്തിൽ ഗോളടിക്കുന്നതിലേറെ പ്രതിരോധവും പ്രത്യാക്രമണവുമായിരുന്നു ബാഴ്സ ലൈൻ. മറുവശത്ത്, എല്ലാം മറന്ന് വിജയം പിടിക്കാൻ സന്ദർശകരും ശ്രമം തുടർന്നു.
ഇഞ്ചുറി സമയത്ത് ഫെർമിൻ ലോപസ് വല ചലിപ്പിച്ചെങ്കിലും വാറിൽ ഹാൻഡ് ബാളാണെന്ന് തെളിഞ്ഞതോടെ സ്കോർ 4-3ൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

