കേരള പ്രീമിയര്‍ ലീഗ്: ഗോകുലത്തെ വീഴ്ത്തി ബാസ്കോ
text_fieldsകൊച്ചി/കോഴിക്കോട്: ഇടവേളക്കുശേഷം പുനരാരംഭിച്ച കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരളക്ക് അപ്രതീക്ഷിത തോല്‍വി. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഗോകുലം 2-0ത്തിന് ബാസ്കോ ഒതുക്കുങ്ങലിനോട് തോറ്റു.
ബാസ്കോക്കായി 40ാം മിനിറ്റില്‍ നസറുദ്ദീനും 45ാം മിനിറ്റില്‍ ടി.എം. വിഷ്ണുവും ഗോള്‍ നേടി. നസറുദ്ദീനാണ് കളിയിലെ താരം. ബാസ്കോയുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ് മത്സരത്തില്‍ കെ.എസ്.ഇ.ബി ട്രാവന്‍കൂര്‍ എഫ്.സിയെ 4-0ത്തിന് തോല്പിച്ചു. ഇരട്ടഗോളുകള്‍ നേടിയ വിഘ്നേഷ് കളിയിലെ താരമായി. ജിജോ ജോസഫ്, പി. എല്‍ദോസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ജയത്തോടെ കെ.എസ്.ഇ.ബി ഏഴ് പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

