Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയെയും...

മെസ്സിയെയും നെയ്മറിനെയും വെട്ടി കോമാൻ ഹീറോയ്ക്സ്; ബയേണിനു മുന്നിൽ വീണ് പി.എസ്.ജി

text_fields
bookmark_border
മെസ്സിയെയും നെയ്മറിനെയും വെട്ടി കോമാൻ ഹീറോയ്ക്സ്; ബയേണിനു മുന്നിൽ വീണ് പി.എസ്.ജി
cancel

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആവേശപ്പോരിൽ ബയേണി​നു മുന്നിൽ സ്വന്തം മൈതാനത്ത് മുട്ടിടിച്ചുവീണ് പി.എസ്.ജി. മൂന്നുവർഷം മുമ്പ് സമാനമായൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പാരിസുകാരുടെ കഥ കഴിച്ച ഫ്രഞ്ചു താരം കിങ്സ്‍ലി കോമാൻ വീണ്ടും ഹീറോ ആയ​ ദിനത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആദ്യ പാദ ജയം.

സൂപർ താരങ്ങളായ ലയണൽ ​മെസ്സി, നെയ്മർ കൂട്ടുകെട്ട് തുടക്കം മുതൽ മുന്നിലുണ്ടായിട്ടും ഉടനീളം കളംനിറഞ്ഞ് അവസരങ്ങൾ തുറന്നതും കളി നയിച്ചതും മ്യൂണിക്കുകാർ. ആദ്യപകുതിയിൽ ഗോളിയുടെ മികവിൽ തടികാത്ത ആതിഥേയരുടെ വലയിൽ പക്ഷേ, ഇടവേള കഴിഞ്ഞതോടെ ഗോൾവീണു. പകരക്കാര​നായെത്തിയ അൽഫോൻസോ ഡേവിസ് 53ാം മിനിറ്റിൽ നൽകിയ ക്രോസിൽ മനോഹരമായി കാൽവെച്ചായിരുന്നു കോമാന്റെ ഗോൾ.

ഇതോടെ അപകടം മണത്ത് മൈതാനത്തെത്തിയ കിലിയൻ എംബാ​പ്പെ അതിവേഗ നീക്കങ്ങളുമായി 82ാം മിനിറ്റിൽ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് കെണിയായി. പാസ് നൽകിയ നൂനോ മെൻഡിസ് ഓഫ്സൈഡാണെന്നായിരുന്നു കണ്ടെത്തൽ. പിന്നെയും ഗോൾമുഖം തുറന്ന് എംബാപ്പെ ഓടിയെത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ബയേണിനായി എറിക് മാക്സിം ചൂപോ മോട്ടിങ്ങും പവാർഡുമുൾപ്പെടെ പലവട്ടം നടത്തിയ ഗോൾനീക്കങ്ങൾ പി.എസ്.ജി ഗോളി ഡോണറുമ്മ ഏറെ പണിപ്പെട്ടാണ് അപകടമൊഴിവാക്കിയത്.

ഇതോടെ, എല്ലാ മത്സരങ്ങളിലുമായി കളിച്ച അവസാന മൂന്നു മത്സരങ്ങളും തോറ്റ് വൻ പ്രതിസന്ധിയുടെ മുഖത്താണ് പി.എസ്.ജി. ടീമിനെ അഴിച്ചുപണിയണമെന്നു മാത്രമല്ല, കോച്ച് ഗാറ്റ്ലിയർ രാജിവെക്കണമെന്നും മുറവിളി ഉയർന്നു കഴിഞ്ഞു. സൂപർ താരം മെസ്സിയും നെയ്മറും ഒന്നും ചെയ്യാനാകാതെ ഉഴറുന്നത് മുന്നേറ്റത്തിൽ ടീമിന് പുനരാലോചന ആവശ്യമാണെന്ന് ആരാധകർ ആവശ്യമുയർത്തുന്നുണ്ട്. മെസ്സി തുടക്കത്തിലേ ഇറങ്ങിയെങ്കിലും പരിക്കി​ന്റെ പ്രയാസങ്ങൾ അലട്ടിയോ എന്ന ആധി ഉയർത്തി. മറുവശത്ത്, ആദ്യ പകുതിയിൽ കരക്കിരുന്ന എംബാപ്പെ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ടീമിന് ഒപ്പം പിടിക്കാൻ ആകുമായിരുന്നുവെന്നും തോന്നിച്ചു.

ചരിത്രത്തിലിതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം മാറോടുചേർക്കാനാവാത്ത പി.എസ്.ജിക്ക് ഇതേ പ്രകടനം തുടർന്നാൽ ഇത്തവണയും കൂടുതൽ മുന്നോട്ടുപോകാനാകില്ല. അടുത്ത മാസം ആദ്യത്തിലാണ് രണ്ടാം പാദ മത്സരം. സ്വന്തം തട്ടകത്തിലെ ഒരു ഗോൾ മാർജിൻ മറികടന്ന് അവരെ വൻമാർജിനിൽ പരാജയപ്പെടുത്തുകയാണ് പി.എസ്.ജിക്ക് മുന്നിലെ വെല്ലുവിളി. എന്നാൽ, ബുണ്ടസ് ലിഗയിലുൾപ്പെടെ ഒന്നിലും സമീപകാലത്ത് തോൽക്കാതെ കുതിക്കുകയാണ് ബയേൺ. അവരെ അവരുടെ മണ്ണിൽ തോൽപിക്കുക ശ്രമകരമാകും.

16കാരൻ വാറൻ സയറിന് അരങ്ങേറ്റം

പി.എസ്.ജി നിരയിൽ കൗമാര താരം വാറൻ സയർ എമറി ഇറങ്ങിയതായിരുന്നു ഇന്നലെ ആവേശകരമായത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തി​ലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായാണ് വാറൻ സയർ കളിക്കാനെത്തിയത്. മുന്നേറ്റം പതറുന്ന ടീമിന് പുതുമുഖ താരത്തിന്റെ പ്രതീക്ഷയാകുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichParis St-GermainChampions League last-16 first-leg tie
News Summary - Kingsley Coman repeated his 2020 Champions League final heroics as Bayern Munich beat Paris St-Germain in their last-16 first-leg tie
Next Story