സൗദിയിൽ കിങ് കപ്പ് ഫുട്ബാൾ; അൽഫൈഹാ ടീം ജേതാക്കൾ
text_fieldsകിങ് കപ്പ് ഫുട്ബാൾ ജേതാക്കളായ അൽഫൈഹാ ടീമിന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കപ്പ് സമ്മാനിക്കുന്നു
ജിദ്ദ: സൗദിയിൽ നടന്ന കിങ് കപ്പ് ഫുട്ബാൾ ഫൈനലിൽ അൽഫൈഹാ ടീം ജേതാക്കളായി. വ്യാഴാഴ്ച രാത്രിയാണ് ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ കിങ് കപ്പ് 2022 നായുള്ള ഫൈനൽ മത്സരം നടന്നത്.
അൽഹിലാൽ, അൽഫൈഹാ ടീമുകൾ തമ്മിൽ നടന്ന വാശിയോറിയ മത്സരം സമനിലയിൽ അവസാനിച്ചുവെങ്കിലും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് 3-1 സ്കോറിന് അൽ ഹിലാലിനെ അൽഫൈഹാ ടീം പരാജപ്പെടുത്തിയത്.
ആദ്യമായാണ് അൽഫൈഹാ ടീം കിങ് കപ്പ് ജേതാക്കളാകുന്നത്. സൽമാൻ രാജാവിനു വേണ്ടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അൽഫൈഹാ ടീമിന് കപ്പ് സമ്മാനിച്ചു.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, സ്പോർട്സ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി തുടങ്ങിയവർ മത്സരം കാണാനെത്തിയിരുന്നു.
വൈകീട്ട് മുതൽ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഫുട്ബാൾ പ്രമികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. റോഡിലെ തിരക്കൊഴിവാക്കാൻ ട്രാഫിക്ക് വകുപ്പ് വേണ്ട നടപടികൾ സ്വീകരിച്ചു. സ്വദേശികളും വിദേശികളുമായി മത്സരം കാണാനെത്തിയവരാൽ നേരത്തെ തന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.

