കളിയാരാധകർക്ക് ഉല്ലാസമാകാൻ ഖിതൈഫാൻ ദ്വീപ്
text_fieldsഖിതൈഫാൻ ഐലൻഡ് നോർത്ത്
ദോഹ: ഖത്തറിലെത്തുന്ന ഫുട്ബാൾപ്രേമികളെയും വിനോദസഞ്ചാരികളെയും വൈവിധ്യമാർന്ന വിനോദ-സാംസ്കാരിക പരിപാടികളിലേക്ക് സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് ലുസൈലിനു സമീപമുള്ള ഖിതൈഫാൻ ഐലൻഡ് നോർത്ത്. 1800 ആഡംബര അറേബ്യൻ തമ്പുകളുള്ള 'QetaiFAN' ക്യാമ്പിൽനിന്ന് ആരംഭിക്കുന്നതാണ് ഖിതൈഫാൻ ഐലൻഡ് നോർത്തിന്റെ സവിശേഷതകൾ. ലുസൈൽ നഗരത്തിന്റെ വ്യതിരിക്തമായ കടൽക്കാഴ്ചയും പ്രഭാതഭക്ഷണവും 'ഖിതൈഫാൻ' ബീച്ച് ഫെസ്റ്റിലേക്കുള്ള പ്രവേശനവും ഉൾപ്പെടെയാണ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്.
അറബ് സംസ്കാരത്തിന്റെ ആതിഥ്യമര്യാദയും വൈവിധ്യവും സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന അറേബ്യൻ വില്ലേജ്, കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേകം വിനോദപരിപാടികളുമായി അൽ തുറായ ഗ്രാമം, ബീച്ച് ഇവൻറുകളും വിനോദപരിപാടികളുമായി ബീച്ച് ക്ലബ് എന്നിവയാണ് പ്രധാനമായും ഖിതൈഫാൻ ഐലൻഡ് നോർത്തിലുള്ളത്. ഫൈനൽ പോരാട്ടവേദിയായ ലുസൈൽ സ്റ്റേഡിയത്തിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രമകലെയാണ് ദ്വീപിന്റെ സ്ഥാനം. നവംബർ, ഡിസംബർ മാസങ്ങളിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പ്രധാന കേന്ദ്രംകൂടിയാണ് ഖിതൈഫാൻ ഐലൻഡ് നോർത്ത്.സന്ദർശകരെ സ്വാഗതം ചെയ്യാൻ ദ്വീപ് സജ്ജമാണെന്ന് ഖിതൈഫാൻ പ്രോജക്ട്സ് ചീഫ് ഓപറേഷൻ ഓഫിസർ ഹെഷാം ഷറഫ് പറഞ്ഞു.
നിരവധി വെല്ലുവിളികളും തടസ്സങ്ങളും മുന്നിലേക്കുള്ള പ്രയാണത്തിലുണ്ടായിരുന്നിട്ടുകൂടി ബന്ധപ്പെട്ട അധികാരികളുമായും സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് ആരാധകരെ സ്വീകരിക്കാനുള്ള ദ്വീപിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായും ആരാധകർക്ക് മികച്ച സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഹെഷാം ഷറഫ് കൂട്ടിച്ചേർത്തു. റോഡുൾപ്പെടെയുള്ള ഗതാഗതസൗകര്യം, കാൽനടപ്പാത തുടങ്ങിയവയുൾപ്പെടെ ആവശ്യമായ ലോജിസ്റ്റിക്സ് തയാറാക്കുന്നത് പ്രത്യേകം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് ക്ലിനിക്കുകൾ, 4000 കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള പാർക്കിങ് സ്ലോട്ടുകൾ, സുരക്ഷാടീമുകളെ നൽകുന്നതിനുള്ള സുരക്ഷാ കമ്പനികൾ, അകത്തും പുറത്തുമായുള്ള രക്ഷാപ്രവർത്തകർ തുടങ്ങിയവ ദ്വീപിലുണ്ട്.പ്രഭാത ഭക്ഷണവും സൗജന്യ ഇൻറർനെറ്റുമുൾപ്പെടെ മുഴുവൻ അറേബ്യൻ സേവനങ്ങളും നൽകുന്ന 1800 ആഡംബര അറേബ്യൻ തമ്പുകളാണ് ഖിതൈഫാൻ ദ്വീപിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ക്ലിനിക്കിനു പുറമേ, മുഴുസമയ സുരക്ഷാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
നവംബർ, ഡിസംബർ മാസങ്ങളിലായി ബീച്ചുകളിൽ ഏറ്റവും വലിയ വിനോദോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദ്വീപും സംഘാടകരും. ബീച്ച് വിനോദ പരിപാടികൾ, ബീച്ച് സ്പോർട്സ്, ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകൾ, ഒഗ്മെൻറ് റിയാലിറ്റി ഷോകൾ, പ്രമുഖ അറബ്, വിദേശ സംഗീത കലാകാരന്മാരുടെ പ്രകടനങ്ങൾ, ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും ആസ്വദിക്കുന്നതിനുള്ള കൂറ്റൻ സ്ക്രീനുകൾ എന്നിവയെല്ലാം ദ്വീപിലുണ്ടാകും.
നവംബർ, ഡിസംബർ മാസങ്ങളിലായി മെറിയാൽ വാട്ടർപാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കും. ഖത്തറിലെ എണ്ണ, വാതക വ്യവസായത്തിന്റെ ചരിത്രത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇതിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. 36 വാട്ടർ റൈഡുകളുൾപ്പെടുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ വാട്ടർപാർക്കുകളിലൊന്നാണ് മെറിയാൽ. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ടവറായ ഐക്കൺ ടവർ ഖിതൈഫാന് എതിർവശത്തുള്ള ചെറിയ ദ്വീപിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ ഒരു ജലോപരിതല പാലവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

