ഒരു വടക്കുകിഴക്കൻ വീരഗാഥ
text_fieldsഖാലിദ് ജമീൽ
ന്യൂഡൽഹി: ഒരു വർഷം മുഴുവൻ ടീം കളിച്ചിട്ടും ഒറ്റ ജയത്തിൽ കൂടുതൽ നേടാനാകാതെ സ്വപ്നങ്ങൾ നഷ്ടപ്പെട്ട് ലോകറാങ്കിങ്ങിൽ ഏറെ പിറകോട്ടുപോയ കളിസംഘത്തിന്റെ അമരത്തേക്കാണ് ഖാലിദ് ജമീൽ എന്ന നാട്ടുകാരൻ കോച്ചിന്റെ വരവ്. മാസാവസാനം നേഷൻസ് കപ്പും ഒക്ടോബറിൽ എ.എഫ്.സി ഏഷ്യൻ കപ്പും മുന്നിൽനിൽക്കെ മുങ്ങിക്കൊണ്ടിരിക്കുന്ന ഈ കപ്പലിന് രക്ഷകനാകാൻ നിലവിലെ ജംഷഡ്പുർ പരിശീലകനാകുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ആഭ്യന്തര ഫുട്ബാളിൽ ഒരു പതിറ്റാണ്ടിലേറെയായി ഖാലിദ് ജമീലുണ്ട്. താരമായും പരിശീലകനായും ലീഗ് കിരീടം നേടിയ അപൂർവം ചിലരിൽ ഒരാൾ. ഐസ്വാൾ എന്ന ഇത്തിരിക്കുഞ്ഞൻ ടീമിനൊപ്പം സ്വപ്നങ്ങളിൽ മാത്രം സാധ്യമായ അത്ഭുതങ്ങൾ കുറിച്ചവൻ. ഒടുവിൽ വടക്കുകിഴക്കിനെ ഇന്ത്യൻ സോക്കറിന്റെ വിലാസമാക്കി മാറ്റിയവൻ.
യുവേഫ പ്രോ ലൈസൻസ് ഉള്ള ഖാലിദ് ജമീൽ കഴിഞ്ഞ രണ്ട് സീസണിലും മികച്ച കോച്ചിനുള്ള പുരസ്കാരം നേടിയിരുന്നു. നാവടക്കൂ പണിയെടുക്കൂ എന്നതാണ് ജമീൽ സ്റ്റൈൽ. കളിക്കാരന് പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്ന ഈ കോച്ച് നന്നായി കളിക്കുന്നുവെന്നും ഉറപ്പാക്കും. നിരന്തരം പാഠങ്ങളോതിക്കൊടുത്ത് തളർത്തുന്ന ശൈലിയാണ് മനോലോ മാർക്വേസിനെയും ടീമിനെയും തോൽപിച്ചതെങ്കിൽ ഖാലിദ് ജമീലിന്റെ ലാളിത്യം ആത്മവിശ്വാസം പകരുന്നതാകും. മിഡ്ഫീൽഡും വിങ്ങും തമ്മിലെ രസതന്ത്രവും വേഗവും ഉറപ്പാക്കുന്നതാണ് എന്നും ജമീലിന്റെ കളിയെ വേറിട്ടതാക്കുന്നത്.
1998 മുതൽ മിഡ്ഫീൽഡ് ജനറലായി ദേശീയ ജഴ്സിയിൽ തിളങ്ങിനിൽക്കുന്നതിനിടെ 2008ലാണ് പരിശീലകനായി ആദ്യ വിളിയെത്തുന്നത്. മുംബൈ എഫ്.സി അണ്ടർ-19 ടീമിനെ പരിശീലിപ്പിക്കാനായിരുന്നു ക്ഷണം. സ്വയം കളിക്കണോ മറ്റുള്ളവരെ കളിപ്പിക്കണോ എന്ന സാധ്യതകളിൽ രണ്ടാമത്തേത് തെരഞ്ഞെടുത്ത ഖാലിദ് ജമീൽ അങ്ങനെ പുതിയ നിയോഗം സ്വീകരിച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രം.
2016-17 കാലത്ത് ഐസ്വാൾ എഫ്.സിയിലെത്തുന്നതോടെയാണ് ഈ പരിശീലകനെ ഇന്ത്യ ശരിക്കും ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇത്തിരിക്കുഞ്ഞൻ ടീമായ ഐസ്വാൾ ഐ ലീഗ് ചാമ്പ്യന്മാരായി. വടക്കുകിഴക്കൻ മേഖലയിൽനിന്ന് ഈ കിരീടം തൊടുന്ന ആദ്യ ടീം. ഒരു പതിറ്റാണ്ട് മുമ്പ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി കുറിച്ചതുപോലൊരു കിരീടനേട്ടം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഖാലിദ് ജമീലിനെ ആ വർഷം മികച്ച പരിശീലകനായി ആദരിച്ചു.
വമ്പൻ സ്രാവുകൾ പിന്നാലെ കൂടിയ 2017-18 സീസണിൽ റെക്കോഡ് തുകക്ക് ഈസ്റ്റ് ബംഗാൾ പരിശീലന ചുമതലയേറ്റു. മോഹൻ ബഗാനിൽ ചെറിയ കാലയളവിനു ശേഷം നോർത്ത് ഈസ്റ്റിലുമെത്തി. 2020-21 സീസണിൽ ടീം ഐ.എസ്.എൽ േപ്ലഓഫ് കളിക്കുമ്പോൾ ആദ്യമായാണ് ഒരു ടീം ഇന്ത്യൻ പരിശീലകനു കീഴിൽ േപ്ലഓഫ് കളിക്കുന്നത്. 2022-23ൽ ബംഗളൂരുവിനൊപ്പം നിൽക്കെ ടീം സ്റ്റാഫോർഡ് ചലഞ്ച് കപ്പ് സ്വന്തമാക്കി. 2023-24 സീസൺ പകുതിയിലാണ് ജംഷഡ്പുരിലെത്തുന്നത്. േപ്ലഓഫിലെത്തിയ ടീം സൂപ്പർ കപ്പിൽ റണ്ണേഴ്സുമായി. ഫൈനലിൽ കരുത്തരായ ഗോവക്കെതിരെ കഷ്ടിച്ചായിരുന്നു തോൽവി.
ഐ.എസ്.എലിൽ അത്യപൂർവം ടീമുകൾക്ക് മാത്രമാണ് ഇന്ത്യൻ പരിശീലകരുണ്ടായിരുന്നത്. എന്നിട്ടും, ജംഷഡ്പൂർ ജയിച്ചുതന്നെ നിന്നതാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു സീസണിലും മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടതു മാത്രം മതി ഖാലിദ് ജമീലിന്റെ മികവ് ഉറപ്പിക്കാൻ. നന്നായി പരീശീലിച്ച് നന്നായി കളിക്കാനാണ് എപ്പോഴും താരങ്ങൾക്ക് അദ്ദേഹത്തിന്റെ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

