പുതിയ താരങ്ങളെത്തി; ജീവന്മരണ പോരാട്ടത്തിന് ഫോഴ്സ കൊച്ചി
text_fieldsഫോഴ്സ കൊച്ചി താരങ്ങൾ പരിശീലനത്തിൽ
കൊച്ചി: തോറ്റുതോറ്റ് പിന്നിലായ സൂപ്പർ ലീഗ് ടീം ഫോഴ്സ കൊച്ചി ഒടുവിൽ പുതുതന്ത്രങ്ങളുമായി തിരിച്ചുവരവിനുള്ള ശ്രമത്തിൽ. മൂന്ന് വിദേശികൾ ഉൾപ്പെടെ നാലു പുതിയ താരങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് ടീം സ്വന്തം ഫോഴ്സ് കൂട്ടുന്നത്. ഫോഴ്സയുടെ ആറാം മത്സരം ഞായറാഴ്ച കാലിക്കറ്റ് എഫ്.സിക്കെതിരെയാണ്. ഹോംഗ്രൗണ്ടായ എറണാകുളം മഹാരാജാസിൽ വൈകീട്ട് 7.30നാണ് മത്സരം.
വിദേശ താരങ്ങൾ ഉൾപ്പെടെ പലരും പരിക്കിന്റെ പിടിയിലാണെന്നത് ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ താരങ്ങളെ കൊണ്ടുവന്നത്. രണ്ട് സ്പാനിഷ് താരങ്ങളും ഒരു ഉഗാണ്ടൻ താരവും ഉൾപ്പെടെയാണ് ടീമിലെത്തുന്നത്. ഗുരുതര പരിക്ക് പറ്റിയ താരങ്ങൾക്ക് പകരമായി ഉഗാണ്ടൻ സ്ട്രൈക്കർ അമോസ്, സ്പാനിഷ് മിഡ് ഫീൽഡർ മാർക്ക് വർഗസ്, സ്പാനിഷ് സെന്റർ ബാക് താരം എൻട്രികെ, മലയാളി അണ്ടർ 23 വിങ്ങർ അഭിത് എന്നിവരാണ് പുതിയ സൈനിങ്ങിലൂടെ ഫോഴ്സ എടുത്തത്.
സ്പാനിഷ് താരങ്ങളായ ഐക്കർ ഹെർണാണ്ടസ്, റാമോൺ ഗാർഷ്യ, മലയാളി താരം പി. ജിഷ്ണു എന്നിവർക്ക് സാരമായ പരിക്കുകളോടെ ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യമാണുള്ളത്. കൂടാതെ സ്റ്റാർ സ്ട്രൈക്കർ നിജോ ഗിൽബർട്ട്, ബ്രസീൽ താരം ഡഗ്ലാസ് ടാർഡിൻ എന്നിവരും കളിക്കാനാവാത്തവിധം പരിക്കിന്റെ പിടിയിലാണ്. ഒപ്പം റെഡ് കാർഡ് വാങ്ങിയ ഗിഫ്റ്റി ഗ്രേഷ്യസിനും പുറത്തിരിക്കേണ്ടിവരും. പ്രധാന താരങ്ങളുടെ പരിക്കുമൂലം കഴിഞ്ഞ അഞ്ചുകളികളിലും പരാജയപ്പെട്ട ഫോഴ്സ കൊച്ചി, പുതിയതാരങ്ങളെ ഉൾപ്പെടുത്തിയത് ജീവന്മരണ പോരാട്ടം എന്ന നിലക്കാണ്.
അഞ്ചുമത്സരങ്ങൾ പൂർത്തിയാക്കിയ കാലിക്കറ്റ് എഫ്.സി എട്ട് പോയന്റുമായി നാലാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്ക് പകരംവീട്ടാനും പോയന്റ് പട്ടികയിൽ ഇടംപിടിക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഫോഴ്സ കൊച്ചിയിലൂടെ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളിൽ ഇനിയും പ്രതീക്ഷ അസ്തമിക്കാതെ കൊച്ചിയിലെ ആരാധകരുടെ പിന്തുണയും ടീമിനും കരുത്തേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

