Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചിന്‍റെ മൊഞ്ചിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു; റോഷലിന് ഹാട്രിക്

text_fields
bookmark_border
ഫൈനലിൽ ബംഗാളിനെ നേരിടും
അഞ്ചിന്‍റെ മൊഞ്ചിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു; റോഷലിന് ഹാട്രിക്
cancel

ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് കേരളം വീഴ്ത്തിയത്.

ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ. 73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകൾ. നസീബ് റഹ്മാൻ (22ാം മിനിറ്റ്), മുഹമ്മദ് അജ്സൽ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ഷുൻജാതൻ രഗോയ് (30ാം മിനിറ്റിൽ) പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി. കളിയുടെ അന്ത്യത്തിൽ കേരളത്തിന്‍റെ പ്രതിരോധ താരം മനോജ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ 16ാം ഫൈനൽ പ്രവേശനമാണിത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും.

കളി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ കേരളതാരങ്ങൾ എതിർപോസ്റ്റിൽ പന്തുമായി റോന്തുചുറ്റി. അടുത്ത മിനിറ്റിൽ വീണ്ടും ആക്രമണം. അജ്സലിൽനിന്ന് പന്ത് നസീബ് റഹ്മാനിലേക്ക്. എതിർ താരത്തെ മറികടന്ന് ബോക്സിൽ കയറിയ നസീബ് നൽകിയ പാസിൽ അജ്സൽ ഷോട്ടുതിർക്കും മുമ്പെ മണിപ്പൂർ പ്രതിരോധം തട്ടിത്തെറിപ്പിച്ചു. ആദ്യ 15 മിനിറ്റ് പിന്നിട്ട ശേഷമാണ് മണിപ്പൂരിന്‍റെ മികച്ചൊരു ഗോൾ ശ്രമം കണ്ടത്. കൂട്ടമായ ആക്രമണത്തിനൊടുവിൽ ബോക്സിന് പുറത്തുനിന്ന് ക്യാപ്റ്റൻ ലെയ്മാജമിന്‍റെ കനത്തയടി പക്ഷേ ലക്ഷ്യത്തിൽനിന്നകന്നു.

22ാം മിനിറ്റിൽ കേരളം ലീഡെടുത്തു. റിയാസ് നീട്ടി നൽകിയ പന്ത് തന്ത്രപൂർവം അജ്സൽ ലീവ് ചെയ്തപ്പോൾ മണിപ്പൂരിന്‍റെ പ്രതിരോധം കബളിപ്പിക്കപ്പെട്ടു. ആളൊഴിഞ്ഞ പന്തിലേക്ക് ഓടിയടുത്ത നസീബിന്‍റെ വക സൂപ്പർ ഫിനിഷിങ് (1-0). മണിപ്പൂരിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ വന്നിറങ്ങിയ പന്ത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിജോ ഗിൽബർട്ടിന്‍റെ കൈയിൽ തട്ടിയപ്പോൾ റഫറിയുടെ പെനാൽറ്റി വിസിൽ. ഷുൻജാതൻ രഗോയ് എടുത്ത കിക്ക് വലയിൽ (1-1). ഇഞ്ചുറി ടൈമിൽ കേരളത്തിന് ലഭിച്ച കോർണർ കിക്കിൽനിന്ന് നസീബ് ബാക്ക് ഹീൽ ടച്ചിലുടെ പന്ത് വലയിലെത്തിച്ചെങ്കിലും ജോ ഓഫ്സൈഡായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ റിയാസിന്‍റെ അസിസ്റ്റിൽ അജ്സലിന്‍റെ ട്രിക്കി ഗോൾ പിറന്നതോടെ കേരളം മുന്നിൽ (2-1).

രണ്ടാം പകുതിയുടെ തുടക്കത്തിൽ കളി മണിപ്പൂരിന്‍റെ കാലിലായിരുന്നെങ്കിൽ അവസാന 20 മിനിറ്റ് ആഞ്ഞടിച്ച കേരളം അക്ഷരാർഥത്തിൽ മണിപ്പൂരിനെ കശക്കിയെറിഞ്ഞു.

കേരളം തീർത്തും പ്രതിരോധത്തിൽനിൽക്കെ 68ആം മിനിറ്റിൽ നിജോ ഗിൽബർട്ട് പരിക്കേറ്റ് കയറി. പകരം മുഹമ്മദ് റോഷൽ ഇറങ്ങി. പിന്നാലെ എതിർതാരത്തെ ഫൗൾ ചെയ്തതിന് നസീബ് റഹ്മാൻ മഞ്ഞക്കാർഡ് കണ്ടു.

കളത്തിലിറങ്ങി അഞ്ചുമിനിറ്റിനകം റോഷൽ നിർണായക ലീഡ് കണ്ടെത്തി. 73ാം മിനിറ്റിൽ മണിപ്പൂരിന്‍റെ ലെഫ്റ്റ് ബാക്ക് നിങ്ഗോംബാം കബിരാജ് സിങ്ങിൽനിന്ന് പന്ത് തട്ടിയെടുത്ത റോഷൽ ഗോൾമുഖത്തേക്ക് കുതിച്ചു. തടയാനടുത്ത രണ്ട് എതിർതാരങ്ങൾക്കിടയിൽനിന്ന് ഗോളിയെ നിസ്സഹായനാക്കി തകർപ്പൻ ഷോട്ടിൽ വലകുലുക്കി (3-1). റിയാസിന്‍റെ ഷോട്ട് മണിപ്പൂർ ഗോളിയെ പരീക്ഷിച്ചതിന് പിന്നാലെ റോഷൻ രണ്ടാം ഗോൾ കണ്ടെത്തി. 88 ആം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്ന് പന്ത് ബോക്സിൽ നിയന്ത്രണത്തിലെടുത്ത് റോഷൽ നിറയൊഴിച്ചു (4-1). ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മനോജ് പുറത്തായി. ഫൈനൽ വിസിലിന് രണ്ടു മിനിറ്റ് ശേഷിക്കെ, ഷിജിന്‍റെ മുന്നേറ്റം ബോക്സിൽ ഫൂളിലൂടെ മണിപ്പൂർ തടഞ്ഞതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റോഷലിന് പിഴച്ചില്ല (5-1).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Santhosh Trophy final
Next Story