കേരള പ്രീമിയർ ലീഗ്: വയനാട് യുനൈറ്റഡ് എഫ്.സി സെമിയിൽ
text_fieldsകേരള യുനൈറ്റഡ് എഫ്.സിയുടെ ഗോൾ നേടാനുള്ള ശ്രമം വിഫലമാക്കുന്ന വയനാട് യുനൈറ്റഡ് എഫ്.സി ഗോൾ കീപ്പർ ഇക്ബാൽ (photo: മുസ്തഫ അബൂബക്കർ)
മലപ്പുറം: കേരള പ്രീമിയർ ലീഗിൽ വ്യാഴാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുനൈറ്റഡ് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വയനാട് യുനൈറ്റഡ് എഫ്.സി സെമിയിലെത്തി. 11 പോയന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വയനാടിന്റെ സെമിപ്രവേശം.
മുന്നേറ്റനിരയിലെ വിദേശതാരം നൂഹ് സൈദ് ഇസ്ഹാഖാണ് യുനൈറ്റഡ് എഫ്.സിയുടെ രണ്ട് ഗോളുകളും നേടിയത്. കളിയിലെ താരമായി തെരഞ്ഞെടുത്തതും നൂഹിനെയാണ്. സൂപ്പർ സിക്സിൽ അഞ്ച് കളികളിൽ നാല് വിജയവും ഒരു സമനിലയും നേടിയാണ് വയനാടൻ ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. 10 പോയന്റ് നേടിയ കേരള പൊലീസും ഏഴ് പോയന്റ് നേടിയ കേരള യുനൈറ്റഡ് എഫ്.സിയും സെമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച കോഴിക്കോട് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-ഗോകുലം കേരള മത്സരത്തിനു ശേഷമേ സെമിയിലെത്തുന്ന നാലാമത്തെ ടീമിന്റെ ചിത്രം തെളിയൂ. അതേസമയം ജമ്മുകശ്മീരിൽ നടക്കുന്ന അഖിലേന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ് നടക്കുന്നതിനാൽ കേരള പൊലീസ് ടീം കേരള പ്രീമിയർ ലീഗിൽനിന്ന് പിന്മാറുമെന്ന സൂചനയുണ്ട്. അങ്ങനെയെങ്കിൽ സൂപ്പർ സിക്സിൽ അഞ്ചാമതെത്തുന്ന ടീം സെമിയിലേക്ക് യോഗ്യത നേടും.

