കേരള പ്രീമിയർ ലീഗിന് 24ന് കിക്കോഫ്
text_fieldsrepresentational image
കൊച്ചി: കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ് (കെ.പി.എല്‍) 2022-23 സീസണിന് 24ന് തുടക്കം. വ്യാഴാഴ്ച വൈകീട്ട് 3.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ് എ ടീമുകളായ സാറ്റ് തിരൂരും കേരള യുണൈറ്റഡ് എഫ്.സിയും ഏറ്റുമുട്ടും. സീസണിലെ രണ്ടാം മത്സരം 24ന് വൈകീട്ട് 3.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും.
ഗ്രൂപ് ബി മത്സരത്തില്‍ കേരള പൊലീസ്, മുത്തൂറ്റ് ഫുട്‌ബാള്‍ അക്കാദമിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയമാണ് കെ.പി.എല്ലിന്റെ മറ്റൊരു വേദി. ഡിസംബര്‍ ഒമ്പതിനാണ് ഇവിടെ ആദ്യ മത്സരം.
മൂന്ന് ഗ്രൂപ്പിലായി 22 ടീമുകളാണ് ഇത്തവണ കെ.പി.എല്‍ കിരീടത്തിനായി മത്സരിക്കുന്നതെന്ന് കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ ജനറൽ സെക്രട്ടറി പി. അനില്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ കോളജ്, എം.കെ സ്‌പോര്‍ട്ടിങ് ക്ലബ് എന്നിവയാണ് ഈ സീസണിലെ പുതുമുഖങ്ങള്‍. എ ഗ്രൂപ്പില്‍ 28 മത്സരങ്ങളും ബി, സി ഗ്രൂപ്പുകളില്‍ 21 മത്സരങ്ങള്‍ വീതവും നടക്കും.

