കേരള പ്രീമിയർ ലീഗിൽ സമനില തുടക്കം
text_fieldsഗോകുലം-കേരള യുനൈറ്റഡ് മത്സരത്തിൽ നിന്ന് (ഫോട്ടോ: - പി. അഭിജിത്ത്)
മലപ്പുറം: കോട്ടപ്പടിയിൽ കേരള പ്രീമിയർ ലീഗിന് സമനില തുടക്കം. നിലവിലെ ചാമ്പ്യന്മാരായ കേരള യുനൈറ്റഡ് എഫ്.സിയും ഗോകുലം കേരള എഫ്.സിയും തമ്മിൽ നടന്ന ആവേശ മത്സരത്തിൽ ഇരു ടീമുകൾക്കും വല കുലുക്കാനായില്ല. ശനിയാഴ്ച രാത്രി 7.30ഓടെ തുടങ്ങിയ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഗോകുലം മികച്ച ചില നീക്കങ്ങളിലുടെ കളി പിടിക്കുമെന്ന് തോന്നിച്ചെങ്കിലും ഗോളടിക്കാൻ മാത്രം പാകത്തിന് ഷോട്ടുകൾ പിറന്നില്ല.
ആറാം മിനിറ്റിൽ ഗോകുലത്തിന്റെ മുന്നേറ്റ താരം മുഹമ്മദ് ആഷിഖ് നടത്തിയ മുന്നേറ്റം യുനൈറ്റഡിന്റെ പ്രതിരോധത്തിൽ ഫലമില്ലാതായി. ഒമ്പതാം മിനിറ്റിൽ കേരള യുനൈറ്റഡ് എഫ്.സി താരത്തിന്റെ ബോക്സിനടുത്തുനിന്നുള്ള ഒരു ഉഗ്രൻ ഷോട്ട് ഗോളാകാതെ പോസ്റ്റിന് പുറത്തായത് തലനാരിഴക്കാണ്. 11ാം മിനിറ്റിൽ ഗോകുലത്തിന്റെ പവർഫുൾ ഫ്രീകിക്ക് എതിർഗോളി പറന്ന് തടുത്തു. 59ാം മിനുറ്റിൽ ഗോകുലത്തിന്റെ അമാൻ അടിച്ചു പറത്തിയ ഷോട്ട് ബാറിൽ ഉരസി തെറിച്ചു. അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയ ഗോളിനായി ഓടിക്കളിച്ചെങ്കിലും കളി സമനിലയിൽ.

