ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്
text_fieldsബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയ കോൾഡോ ഒബീറ്റ സഹതാരം നോഹ സദോയിക്കൊപ്പം ആഹ്ലാദത്തിൽ
മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു പറയിച്ചത്. സമനിലയിലേക്കെന്നു തോന്നിച്ച കളിയുടെ 87-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബീറ്റയാണ് വിധിനിർണായക ഗോൾ സ്കോർ ചെയ്തത്.
ഒപ്പത്തിനൊപ്പംനിന്ന കളിയുടെ 52-ാം മിനിറ്റിൽ ഡിഫൻഡർ ഗുർസിമ്രത് ഗിൽ ചുകപ്പുകാർഡ് കണ്ട് പുറത്തുപോയത് രാജസ്ഥാൻകാർക്ക് തിരിച്ചടിയായി. ഗോളിലേക്ക് മുന്നേറുകയായിരുന്ന നിഹാൽ സുധീഷിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് ഗില്ലിന് മാർച്ചിങ് ഓർഡർ കിട്ടിയത്.
49-ാം മിനിറ്റിൽ റോബിൻസണിന്റെ തകർപ്പൻ ഡ്രൈവ് ബ്ലാസ്റ്റേഴ്സ് ഗോളി ഫെർണാണ്ടസ് ഡൈവിങ് സേവിലൂടെ ഗതിതിരിച്ചുവിട്ടു. 55-ാം മിനിറ്റിൽ ഡാനിഷിന് പകരം നോഹയെത്തിയതോടെ ഇടതുപാർശ്വത്തിലൂടെ ബ്ലാസ്റ്റേഴ്സ് ഇടക്കിടെ കയറിയെത്താൻ തുടങ്ങി. 68-ാം മിനിറ്റിൽ കളിയുടെ ഗതിക്കെതിരെ നടന്ന നീക്കത്തിൽ നവോബ മീത്തി ഒരുക്കിക്കൊടുത്ത സുവർണാവരം മുതലെടുക്കുന്നതിൽ രാജസ്ഥാൻ സ്ട്രൈക്കർ റോബിൻസൺ പരാജയമായി.
അബ്ദുൽ സമദ് ആംഗോ, അബ്ദുൽ ഹാലിക് ഹുദു, റോബിൻസൺ ബ്ലാൻഡൺ റെൻഡൺ എന്നീ മൂന്നു വിദേശ താരങ്ങളുമായാണ് രാജസ്ഥാൻ കളിക്കാനിറങ്ങിയത്. നോഹ സദൂയിയെ ബെഞ്ചിലിരുത്തിയ ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ നായകത്വത്തിലാണ് 4-3-3 ശൈലിയിൽ കളത്തിലെത്തിയത്.
കളിയുടെ തുടക്കത്തിൽ എതിർഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് ഇടക്കിടെ കയറിയെത്തി. 22-ാം മിനിറ്റിൽ ലൂനയുടെ കിറുകൃത്യമായ ക്രോസിൽ ഡാനിഷ് ഫാറൂഖിന്റെ പൊള്ളുന്ന ഹെഡർ ക്രോസ്ബാറിനിടിച്ചാണ് വഴിമാറിയത്. ഇതൊഴിച്ചു നിർത്തിയാൽ ആദ്യപകുതി വിരസമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

