Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോം കമിങ്: ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം പോരാട്ടം​; എതിരാളികൾ മുംബൈ

text_fields
bookmark_border
ഹോം കമിങ്: ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം പോരാട്ടം​; എതിരാളികൾ മുംബൈ
cancel
camera_alt

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​അം​ഗ​ങ്ങ​ൾ കൊ​ച്ചി​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ 2026-27) പുതിയ സീസണിൽ ആദ്യ ഹോം മാച്ചിനൊരുങ്ങി കേര ള ബ്ലാസ്റ്റേഴ്സ്. പ്രതിരോധം ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും ഞായറാഴ്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജയിച്ചുകയറമെന്ന പ്രതീക്ഷയിലാണ് ടീമിന്‍റെ പുതിയ മാനേജ്മെന്‍റ്. മുംബൈ സിറ്റി എഫ്‌.സിയാണ് ആദ്യ ഹോം മാച്ചിലെ എതിരാളികൾ. സീസണിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ടീമിന്‍റെ പ്രഥമ പരിഗണന പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ്. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് ഇക്കാര്യം വ്യക്തമാക്കി.

പുതിയ സീസണിൽ അത്ര മികച്ച തുടക്കമല്ല ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. അൽ ഫുർസാൻ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് ക്ലബ് ഏറ്റെടുത്തശേഷം പുനഃസംഘടനയോടെ ആദ്യമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മൂന്ന് പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഒക്ടോബർ 11ന് നടന്ന ലീഗിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശി എഫ്‌സിയെ 2-0ന് പരാജയപ്പെടുത്തിയശേഷം ഒക്ടോബർ 18ന് നടന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 4-1 എന്ന വമ്പൻ തോൽവി ഏറ്റുവാങ്ങി.

ന്യൂ ബ്ലാസ്റ്റേഴ്സ്

സ്വന്തം തട്ടകമായ കൊച്ചിയിൽ വെച്ചാണ് മത്സരം എന്നതാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും അനുകൂല ഘടകം. ദീർഘ ഇടവേളയ്ക്ക് ശേഷം ടീം കൊച്ചിയിൽ എത്തുമ്പോൾ ഗാലറിയിൽ ആർത്തിരമ്പി ‘മഞ്ഞപ്പട’യെത്തുമെന്നാണ് പ്രതീക്ഷ. ഈ പിന്തുണയുടെ കരുത്ത് ടീമിന്‍റെ പ്രകടനത്തിന് കരുത്താകുമെന്ന് ടീം മാനേജ്മെന്‍റും പ്രതീക്ഷിക്കുന്നു. മികച്ച ആരാധകരാണ് തങ്ങളുടെതെന്നും മത്സരഫലത്തെ കുറിച്ച് ഉറപ്പ് പറയുന്നില്ലെങ്കിലും അവരെ ടീം ഞായറാഴ്ച്ച നിരാശപ്പെടുത്തില്ലെന്നാണ് കോച്ച് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡും മോമോ യാൻസാനെയും വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. നിലവിൽ മുംബൈയും അത്ര നല്ല ഫോമിലല്ല എന്നതും ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്.

കഴിഞ്ഞ മത്സരത്തിൽ ഐ.എസ്.എല്ലിലെ പുതുമുഖങ്ങളായ ചർച്ചിൽ ബ്രദേഴ്‌സിനോട് 2-1ന് മുംബൈ സിറ്റി പരാജയപ്പെട്ടിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിലെ വീഴ്ചകൾ പരിഹരിക്കാൻ പ്രതിരോധ നിരയിലും മിഡ്‌ഫീൽഡിലും മാറ്റങ്ങൾ വരുത്താൻ കോച്ച് നിർബന്ധിതമാകും. ഫല്ലൗ എൻഡിയായെയോ ജെയിംസ് ബോൾട്ടനോ തുടക്കം മുതൽ കളത്തിലിറക്കാൻ സാധ്യതയുണ്ട്.

കൂടാതെ റൂയിവ ഹോർമിപാം, ഐബൻ ഡോഹ്ലിങ് എന്നിവരും പ്രതിരോധത്തിൽ തിരിച്ചെത്തിയേക്കാം. മുംബൈയുടെ ശക്തമായ മിഡ്‌ഫീൽഡിനെ പൂട്ടാൻ വിബിൻ മോഹനനൊപ്പം പ്രതിരോധത്തിൽ മികവുള്ള ഒരാൾ കൂടി മധ്യനിരയിൽ എത്തിയേക്കാം. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ആദ്യ ഇലവനിൽ തന്നെ കളത്തിലുണ്ടാകും.

സർക്കാർ ഇടപെട്ടു; വാടകതർക്കത്തിന് പരിഹാരം

ഹോം ഗ്രൗണ്ടായ കലൂർ നെഹ്റു സ്റ്റേഡിയത്തെ ചൊല്ലി കേരള ബ്ലാസ്റ്റേഴ്‌സും ജി.സി.ഡി.എയും തമ്മിൽ നിലനിന്ന വാടകത്തർക്കം പൂർണമായി പരിഹരിച്ചു. സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്ന് സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മത്സരങ്ങൾ നടത്താനായി അനുവദിച്ച് തദ്ദേശവകുപ്പ് ഉത്തരവിറങ്ങി. തർക്കം നിലനിൽക്കുന്നതിനാൽ ടിക്കറ്റ് വിൽപന ഉൾപ്പെടെ പ്രതിസന്ധിയിലായിരുന്നു.

ഒരു മത്സരത്തിന് എട്ട് മുതൽ ഒമ്പത് ലക്ഷം രൂപ വരെ ജി.സി.ഡി.എ ആവശ്യപ്പെട്ടതായിരുന്നു പ്രതിസന്ധി. തദ്ദേശ മന്ത്രിയുടെ ഇടപെടലിനെ തുടന്ന് വാടക കഴിഞ്ഞ വർഷത്തെ നിരക്കായ 3.5 ലക്ഷം രൂപയായി നിലനിർത്തി. ജി.എസ്.ടി ഇതിനു പുറമെ നൽകണം. ജി.സി.ഡി.എ ആവശ്യപ്പെട്ട ഒരു കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് 25 ലക്ഷം രൂപയായി കുറയ്ക്കാനും ധാരണയായി. വേദിയുടെ കാര്യത്തിലുണ്ടായിരുന്ന അനിശ്ചിതത്വം മാറിയതോടെ മത്സരത്തിന്‍റെ ഓൺലൈൻ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്‍റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Home Coming for Kerala Blasters: First Home Match Against Mumbai Today
Next Story