
ജംഷഡ്പൂരിനെതിരെ ഐ.എസ്.എൽ സെമി ആദ്യ പാദത്തിൽ ഗോളടിച്ച സഹൽ അബ്ദുസ്സമദ് സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
ഇന്ന് 'കലാശപ്പോര്'; കേരള ബ്ലാസ്റ്റേഴ്സ്-ജാംഷഡ്പുർ സെമി രണ്ടാം പാദം ഇന്ന്
text_fieldsവാസ്കോ: തുടർച്ചയായ ഏഴു ജയങ്ങളുടെ ആഘോഷം കൊഴുപ്പിക്കാൻ ബൂട്ടുകെട്ടിയ എതിരാളികളെ ഒറ്റഗോളിൽ തീർത്ത് ഒന്നാം പാദം കടന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് വീണ്ടും മരണപ്പോര്. ഐ.എസ്.എൽ സെമി രണ്ടാം പാദത്തിൽ ഉരുക്കു നഗരക്കാർക്കെതിരെ സമനിലയെങ്കിലും പിടിക്കാനായാൽ കിരീടത്തിന് ഏറെ അരികെയെത്താം.
സീസണിൽ പോയന്റ് വാരിക്കൂട്ടി ഐ.എസ്.എൽ ഷീൽഡ് മാറോടു ചേർത്തവരാണ് ഓവൻ കോയ്‍ലിന്റെ ജാംഷഡ്പുർ. 20 കളികളിൽ 43 പോയന്റുമായി എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ നടന്നവർ. സെമിയിൽ കേരളത്തിനെതിരെ ഇറങ്ങുംമുമ്പ് അവസാന ഏഴു കളികളിൽ എല്ലാം ജയിച്ചവർ. എന്നിട്ടും ബ്ലാസ്റ്റേഴ്സിന് എന്നും കൂട്ടായുണ്ടായിരുന്ന സഹൽ മാജിക്കിൽ എല്ലാം തരിപ്പണമാകുകയായിരുന്നു. വാസ്ക്വസ് മധ്യനിരക്കപ്പുറത്തുനിന്ന് ഉയർത്തി നൽകിയ പാസ് അതിവേഗം ഓടിപ്പിടിച്ച് മനോഹരമായൊരു ലോബിൽ വല കുലുക്കിയ സഹൽ ബ്ലാസ്റ്റേഴ്സിന്റെ കന്നിക്കിരീടമെന്ന മോഹങ്ങൾ കൂടുതൽ നിറമുള്ളതാക്കി.
അപ്രതീക്ഷിത ഷോക്കിന് പകരമാകാൻ ചീമ ചുക്‍വുവും സംഘവും പലവട്ടം നടത്തിയ ശ്രമങ്ങൾ വിജയം കാണാതെ പോകുകയും ചെയ്തു. കളിയിൽ മേധാവിത്വമില്ലാതിരുന്നിട്ടും ഒറ്റഗോൾ ജയം പിടിക്കാനായത് മഞ്ഞപ്പടക്ക് ബലം നൽകുമെങ്കിലും അതുകൊണ്ട് എല്ലാം ഉറപ്പാകില്ലെന്ന് താരങ്ങൾക്കും പരിശീലകനും നന്നായി അറിയാം. കേളീശൈലി മാറ്റാനില്ലെന്ന് ജാംഷഡ്പുർ പരിശീലകൻ ഓവൻ കോയ്ൽ പറയുന്നു.
''ഓരോ കളിയും ജയിക്കാനാണ് ജാംഷഡ്പുർ ഇറങ്ങുന്നത്. ഈ കളിയും ജയിച്ചേ പറ്റൂ. എന്നിട്ട് ഫൈനൽ കളിക്കണം. ഗോളുകൾ നേടണം'' -കോയ്‍ലിന്റെ വാക്കുകൾ. എന്നാൽ, കഴിഞ്ഞ കളിയിലെ പ്രകടനം പരിഗണിക്കുന്നേയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമാനോവിച്ചിന്റെ പക്ഷം. ''നാളെ പുതിയൊരു മത്സരമാണ്. അതിലായിരിക്കും പൂർണ ശ്രദ്ധ. ഒരു ഗോളിന് ജയിച്ചുവെന്നത് ഒന്നും ഉറപ്പുനൽകുന്നില്ല. ഒരു ഗോളും നേടിയില്ലെന്ന പോലെയാകും മൈതാനത്തിറങ്ങുക. കഴിഞ്ഞ കളിയെക്കാൻ കടുപ്പമാകും രണ്ടാം പാദം'' -പരിശീലകന്റെ വാക്കുകൾ കൃത്യം. എന്നാൽ, ഓരോ ജയവും ലോകകപ്പ് നേടിയ പോലെ ആഘോഷിക്കാൻ മറക്കില്ലെന്നും അദ്ദേഹം തീർത്തുപറയുന്നു.
ചീമ ചുക്‍വുവും ഗ്രെഗ് സ്റ്റ്യുവർട്ടും ഉയർത്തുന്ന വെല്ലുവിളിയെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്നതാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളി. സ്റ്റ്യുവർട്ട് ഈ സീസണിൽ ഇതുവരെ 10 ഗോളുകളും അത്രതന്നെ അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ്. കഴിഞ്ഞ കളിയിൽ പക്ഷേ, പഴയ ഫോമിന്റെ നിഴലായത് ആശ്വാസമായി. മറുവശത്ത്, സ്വന്തം പാതി കോട്ടപോലെ കാത്ത് പ്രതിരോധ നിര നൽകുന്ന വിശ്വാസമാണ് ബ്ലാസ്റ്റേഴ്സിന്റെ വലിയ ഊർജം. ആദ്യ പാദ ഗോളിലൂടെ ഐ.എസ്.എൽ സീസണിൽ കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയ സഹൽ ഉൾപ്പെടെ മുൻനിരയും മധ്യനിരയും പ്രതീക്ഷ നിലനിർത്തുന്നു.