പുതുചിറകിലേറി ബ്ലാസ്റ്റേഴ്സ്; ആദ്യമത്സരം നാളെ ഇന്റർകാശിക്കെതിരെ യു.പിയിലെ അർദോനമൗവിൽ
text_fieldsകൊച്ചി: നവീന ആശയങ്ങളും പുത്തൻ ലക്ഷ്യങ്ങളുമായെത്തിയ പുതിയ ഉടമകളുടെ ആശിർവാദം, ആഷ്ലി വെസ്റ്റ്വുഡ് എന്ന പരിശീലക പ്രതിഭയുടെ കീഴിൽ കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിൽ ഒന്നുമില്ലായ്മയിൽനിന്ന് മികവിലേക്കുയർന്നതിന്റെ ആത്മവിശ്വാസം, ഒപ്പം ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഏതൊരു ക്ലബും കൊതിക്കുന്ന ഒട്ടേറെ താരങ്ങളുടെ കടന്നുവരവ്...
2026-27 ഐ.എസ്.എൽ സീസണിലെ കന്നിയങ്കത്തിൽ ഞായറാഴ്ച ഇന്റർകാശിക്കെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയപ്രതീക്ഷക്കുള്ള ഘടകങ്ങൾ ഒട്ടേറെയാണ്. ഉത്തർപ്രദേശിലെ ലഖ്നോ ജില്ലയിലെ അർദോനമൗവിലെ ഏകാന സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് കിക്കോഫ്. സാമ്പത്തിക പ്രതിസന്ധി മൂലം പരിശീലനവും പ്രവർത്തനങ്ങളുമെല്ലാം താളം തെറ്റിയ ക്ലബിനെ ആഴ്ചകൾക്കു മുമ്പാണ് യു.എ.ഇ ആസ്ഥാനമായ കൺസോർഷ്യം അൽ ഫുർസാൻ പൂർണമായും ഏറ്റെടുത്തത്. ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്പോർട്സ്, സ്പോർട്സ്-ടെക് ഗ്രൂപ്പ്. ഓപറേഷണൽ പങ്കാളിയായി ഓഫിയോ സ്പോർട്ടിയെയും അൽ ഫുർസാൻ ചുമലതലപ്പെടുത്തിയിട്ടുണ്ട്.
ഇവർ മഞ്ഞപ്പടയുടെ ‘പുതുമുഖങ്ങൾ’
മുന്നേറ്റത്തിലും പ്രതിരോധത്തിലും മിടുക്ക് തെളിയിച്ച കിടിലൻ താരങ്ങളെയാണ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീൻ മുതൽ മലയാളി മുന്നേറ്റ താരം കെ. മുഹമ്മദ് സനാൻ വരെ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് സെന്റർ ബാക്ക് ജെയിംസ് ബോൾട്ടൺ, മോണ്ടെനെഗ്രൻ മധ്യനിരതാരം നെബോയ്ഷ കോസോവിച്ച്, ഗിനിയയിൽ നിന്നുള്ള സ്ട്രൈക്കർ മോമോ യാൻസാനേ എന്നിവരും വിദേശതാരങ്ങളായി എത്തിയിട്ടുണ്ട്.
ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിങ്, മുന്നേറ്റ താരം റാംലുൻ ഛുങ്ങ (ഛുങ്ങ ഹ്മാർ), മിഡ്ഫീൽഡർമാരായ മുഹമ്മദ് യാസിർ, സാഹിൽ തവോറ, പോൾ റാംഫാങ്സൗവ, ജോയൽ ലാൽറാംങ്മാവിയ എന്നിവരും പുതിയ ബ്ലാസ്റ്റേഴ്സ് താരങ്ങളാണ്. വിദേശ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ പോയിരുന്ന ടീമിന്റെ നെടുംതൂണുകളിലൊന്നായ അഡ്രിയാൻ ലൂണ ദിവസങ്ങൾക്കുമുമ്പ് ടീമിൽ തിരിച്ചെത്തിയിരുന്നു.
കഴിഞ്ഞ സീസണിൽ ബാക്കിയായത്..
2025-26 സീസണിന്റെ തുടക്കത്തിലെല്ലാം കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയുടെയും നാണക്കേടിന്റെയും ദിനരാത്രങ്ങളായിരുന്നു. ആകെ 13 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമേ വിജയത്തിലെത്തിക്കാനായുള്ളൂ. ആറു തോൽവിയും രണ്ടു സമനിലയും ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ നാലു മത്സരങ്ങൾ തോൽവിയോടെയായിരുന്നു. പിന്നാലെ ഒരു സമനിലയും പിന്നെയുമൊരു തോൽവിയും. അങ്ങനെ ആകെ തോറ്റു തോറ്റ് തകർച്ചയുടെ പടുകുഴിയിൽ നിൽക്കവേയാണ് അക്കാലത്തെ കോച്ച് ഡേവിഡ് കറ്റാലയെ പറഞ്ഞുവിടുകയും ഇംഗ്ലീഷ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിനെ പരിശീലക കുപ്പായമണിയിക്കുകയും ചെയ്തത്. അതോടെ, ബ്ലാസ്റ്റേഴ്സിന്റെ തലവര മാറി. അതുവരെ സീസണിൽ ഒറ്റ കളി പോലും ജയിക്കാൻ കഴിയാതിരുന്ന ടീമിനെ ആദ്യ മത്സരത്തിലെ തോൽവിയിലൊഴിച്ച് തുടർച്ചയായ ജയങ്ങളിലേക്ക് നയിച്ചുവെന്നതാണ് വെസ്റ്റ് വുഡിന്റെ വിജയം. അവസാനത്തെ ഏഴു മത്സരങ്ങളിൽ അഞ്ചു വിജയവും ഒരു സമനിലയും ഒരു തോൽവിയും എന്നതായിരുന്നു അദ്ദേഹത്തിനു കീഴിലെ ടീമിന്റെ പ്രകടനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

