ഇതു പുത്തൻ ബ്ലാസ്റ്റേഴ്സ്; ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം
text_fieldsകൊൽക്കത്ത: കെട്ടിലും മട്ടിലും മാറി ഐ.എസ്.എൽ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറന്റ് കപ്പിൽ വിജയത്തുടക്കം. ആവേശകരമായ മത്സരത്തിൽ ഗ്രൂപ് സിയിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ വിജയത്തുടക്കം കുറിച്ചത്. ഗ്രൂപ് 'സി'യിൽ ഇതോടെ ബ്ലാസ്റ്റേഴസിന് മൂന്ന് പോയന്റായി. ഇതേ ഗ്രൂപിലെ മറ്റൊരു ടീമായ ഡൽഹി എഫ്.സിയെ ആദ്യ മത്സരത്തിൽ തോൽപിച്ച് കേരള ടീമിനെതിരെ പടക്കിറങ്ങിയ നേവിയെ ബ്ലാസ്റ്റേഴ്സ് പിടിച്ചു കെട്ടുകയായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്കു ശേഷം 71ാം മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഉറൂഗ്വായ് താരം അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന് ജയം ഒരുക്കിയത്. ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ആൽബിനോ ഗോമസ് വല കാത്ത ബ്ലാസ്റ്റേഴ്സ് നിരയിൽ ഇനസ് സിപോവിച്, സന്ദീപ് സിങ്, ഹർമൻജോത് കബ്ര, ജെസ്സെൽ കാർനീറോ, മലയാളി താരങ്ങളായ രാഹുൽ കെ.പി, കെ പ്രശാന്ത്, അബ്ദുൽ ഹക്കു, അഡ്രിയാൻ ലൂണ, സെയ്ത്യാസെൻ സിങ്, ജീക്സൺ സിങ് എന്നിവർ ആദ്യ ഇലവനിൽ ബൂട്ടുകെട്ടി. എതിരാളികൾ അവസരം നൽകാതെ അവസാനം വരെ കളിച്ച മഞ്ഞപ്പുലികൾ നേവിയെ വെള്ളം കുടിപ്പിച്ചു.
നാലു ഗ്രൂപുകളിലായാണ് ഡ്യൂറന്റ് കപ്പ് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ് ഡിയിലാണ്. ഗ്രൂപിലെ ആദ്യ രണ്ടു സ്ഥാനക്കാർ നോകൗട്ടിൽ കടക്കും. ഒക്ടോബർ മൂന്നിനാണ് ഫൈനൽ പോരാട്ടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

