ബ്ലാസ്റ്റേഴ്സിന് നിരാശയുടെ ആദ്യ പകുതി; മുംബൈ ഒരു ഗോളിന് മുന്നിൽ
text_fieldsമുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ നിർണായക പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ. മുംബൈ ഫുട്ബാൾ അറീനയിൽ നടക്കുന്ന മത്സരത്തിൽ സ്ട്രൈക്കർ നിക്കോളാസ് കരിലീസാണ് ഗോൾ നേടിയത്.
ഒൻപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നാണ് മുംബൈ ലീഡെടുക്കുന്നത്. ബോക്സിന്റെ വലത് മൂലയിൽ നിന്ന് മുംബൈ നായകൻ ലാലിയൻസുവാല ചാങ്‌തെ നൽകിയ മനോഹരമായ ത്രൂ മാർക്ക് ചെയ്യപ്പെടാതിരുന്ന നിക്കോളാസ് കരിലീസ് പിഴവുകളില്ലാതെ വലയിലാക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങളേറെ നടത്തിയെങ്കിൽ ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കാനായില്ല. കൊച്ചിയിൽ ബംഗളൂരു എഫ്.സിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്.
ഗോൾ കീപ്പർ സച്ചിൻ സുരേഷും ലെഫ്റ്റ് വിങ്ങർ നോഹ സദോയിയും സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തുകയായിരുന്നു.

