മഞ്ഞപ്പടക്കെതിരെ ജയന്റ് ബഗാൻ: കേരള ബ്ലാസ്റ്റേഴ്സ്-മോഹൻ ബഗാൻ മത്സരം ഇന്ന് കൊച്ചിയിൽ
text_fieldsശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പനമ്പള്ളിനഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ -ബൈജു കൊടുവള്ളി
കൊച്ചി: ഇടവേളക്കു ശേഷം വർധിത വീര്യവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കളിമുറ്റത്ത് ജയം തേടി ഇറങ്ങുന്നു. ഐ.എസ്.എൽ അതികായരായ മോഹൻ ബഗാനാണ് എതിരാളികൾ. 20 കളികളിൽ 46 പോയന്റുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള കൊൽക്കത്തക്കാർക്കെതിരെ ജയിച്ചുകയറൽ എളുപ്പമാകില്ലെങ്കിലും തോൽവി ടീമിന് ആദ്യ ആറിലെ സ്വപ്നങ്ങൾ പൂർണമായി ഇല്ലാതാക്കും. അതുകഴിഞ്ഞുള്ള അങ്കം ഗോവക്കെതിരെയാണെന്നതും കടുത്ത പോരാട്ടം നിർബന്ധമാക്കുന്നു.
അവസാന അഞ്ചു കളികളിൽ മൂന്നെണ്ണം ജയിക്കുകയും ഒന്ന് സമനിലയാകുകയും ചെയ്താണ് ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തിൽ ബൂട്ടുകെട്ടുന്നത്. 19 കളികളിൽ 24 പോയന്റാണ് ടീമിന് സമ്പാദ്യം. പോയന്റ് നിലയിൽ എട്ടാമതാണ് സ്ഥാനം. അതേസമയം, മോഹൻ ബഗാനുമായി അവസാന മൂന്നു കളികളിലും ജയം മറൈനേഴ്സിനൊപ്പമായിരുന്നു. ഈ സീസണിലെ മുഖാമുഖത്തിൽ 3-2നായിരുന്നു തോൽവി. സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് ഇനിയും തോൽപിക്കാനാകാത്ത ടീമെന്ന കരുത്തും ബഗാനുണ്ട്. കൊൽക്കത്തക്കാർ അവസാനം കളിച്ച അഞ്ചു കളികളിലും തോൽവി അറിഞ്ഞിട്ടില്ല.
കൊച്ചിയിൽ ഏറ്റവുമൊടുവിലെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് എതിരാളികളായി വന്നപ്പോൾ ഗോളടിക്കാൻ മറന്നതാണ് മഞ്ഞപ്പടയുടെ വലിയ ആധി. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു. ചെന്നെയിനെതിരെ അവരുടെ തട്ടകത്തിൽ ചെന്ന് 3-1ന്റെ ആധികാരിക ജയവുമായി മടങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമെങ്കിൽ പഞ്ചാബിനെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് ജയിച്ചാണ് ബഗാൻ എത്തുന്നത്. ഐ.എസ്.എല്ലിൽ ഇരുവരും എട്ടുതവണ നേരിട്ടപ്പോൾ ആറു തവണയായിരുന്നു ബഗാൻ ജയം പിടിച്ചത്. ബ്ലാസ്റ്റേഴ്സ് ഒറ്റത്തവണയും.
അതേസമയം, ഗോൾ ശരാശരിയിൽ ബഗാനു തുല്യം ബഗാൻ മാത്രമാണ്. സീസണിൽ ടീം ഇതുവരെ 39 തവണ എതിർവല തുളച്ചിട്ടുണ്ട്. ജാമി മക്ലാറൻ, സുഭാശിഷ് ബോസ്, മൻവീർ സിങ് തുടങ്ങിയ ഗോൾ സ്കോറിങ് നിര ഏറ്റവും കരുത്തുറ്റത്. ദിമിത്രിയോസ് പെട്രാറ്റോസ് കൂടി ആ നിരയിലുണ്ടെങ്കിലും ഈ സീസണിൽ കാര്യമായി വല കുലുക്കാനായിട്ടില്ല. കേരള നിരയിൽ ജീസസ് ജിമെനസ് ആണ് സൂപ്പർ ഹീറോ. 11 ഗോളുകൾ കുറിച്ച താരം ഒരു അസിസ്റ്റും നൽകി. കന്നി സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അടക്കം റെക്കോഡുകൾ താരത്തെ കാത്തിരിക്കുന്നു.
ടീം കേരള ബ്ലാസ്റ്റേഴ്സ്: സച്ചിൻ സുരേഷ്, നവോച്ച സിംഗ് ഹുയ്ഡ്രോം, സന്ദീപ് സിംഗ്, മിലോസ് ഡ്രിൻസിച്ച്, ഹോർമിപാം റൂവിയ, കെ സിംഗ് തിങ്കുജാം, ലാൽതൻമാവിയ റെന്ത്ലെയ്, ഡാനിഷ് ഫാറൂഖ്, അഡ്രിയൻ ലൂണ, ക്വാമെ പെപ്ര, ജീസസ് ജിമെനെസ്.
മോഹൻ ബഗാൻ: വിശാൽ കൈത്, ആശിഷ് റായ്, ആൽബെർട്ടോ റോഡ്രിഗസ്, സുഭാഷിഷ് ബോസ്, ദിപ്പേന്ദു ബിശ്വാസ്, ദീപക് ടാംഗ്രി, അപിയുവ, മൻവീർ സിംഗ്, ഗ്രെഗ് സ്റ്റുവാർട്ട്, ലിസ്റ്റൺ കൊളാക്കോ, ജാമി മക്ലാറൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

