തോറ്റു തോറ്റ് തോറ്റു പോയി
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ നിഘണ്ഡുവിൽ തോൽവി മാത്രമേയുള്ളൂ. ഈ സീസണിൽ ഇതുവരെ ഒരു ആശ്വാസ ജയം പോലും കാണാത്ത വിധം തകർച്ചയുടെ പടുകുഴിയിലാണ് ടീം. ഒടുവിൽ കളി പഠിപ്പിക്കാനുള്ള പരിശീലകനെ മാറ്റിയിട്ടും ഫലം തഥൈവ. ഏറ്റവുമൊടുവിൽ റാങ്ക് പട്ടികയിൽ പിന്നിലായിരുന്ന ഡൽഹി സ്പോർട്ടിങ് ക്ലബിനോടും ദയനീയ പരാജയം. നിലവിൽ ഏഴുകളികളിൽ ആറും തോറ്റു. ഒരെണ്ണത്തിലോ സമനിലയും. തോൽവികൾ തുടർക്കഥയായതോടെ ആരാധകരും ടീമിൽനിന്ന് അകന്നുതുടങ്ങി. നേരത്തെ തന്നെ പലതരത്തിൽ അതൃപ്തിയും നിരാശയും പ്രതിഷേധവുമെല്ലാം പ്രകടിപ്പിച്ച ആരാധകക്കൂട്ടമിപ്പോൾ ശക്തമായ എതിർപ്പുമായും രംഗത്തെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പാണ് തുടർതോൽവികളുടെ പ്രത്യാഘാതമെന്നോണം മുൻകോച്ച് ഡേവിഡ് കറ്റാലയെ ടീം പുറത്താക്കിയത്. പിന്നാലെ ഹോങ്കോങ്ങിന്റെ മുൻകോച്ച് ആഷ്ലി വെസ്റ്റ് വുഡിനെ പുതിയ പരിശീലകനായി നിയമിച്ചു. അന്താരാഷ്ട്ര ഫുട്ബാൾ പരിശീലന രംഗത്ത് പരിചയസമ്പന്നനായ ഇദ്ദേഹം ബംഗളൂരു എഫ്.സിയെ രണ്ടുതവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ചിട്ടുണ്ട്. എ.ടി.കെ, പഞ്ചാബ് എഫ്.സി ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളെല്ലാം കണക്കിലെടുത്താണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മന്റെ് സീസണിന്റെ മധ്യത്തിൽ വെച്ച് പരിശീലകനെ മാറ്റുന്നത്.
മുംബൈ സിറ്റി (1-0), മോഹൻബഗാൻ (2-0), ചെന്നൈയിൻ (1-0), ഇൻറർകാശി(2-1), പഞ്ചാബ് എഫ്.സി (3-1), സ്പോർട്ടിങ് ക്ലബ് ഡൽഹി (2-0) എന്നീ ടീമുകളോടാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ തോൽവി വഴങ്ങിയത്. ഈസ്റ്റ്ബംഗാളുമായി 1-1ന് സമനിലയും പിടിച്ചു. നിലവിൽ 14 ടീമുകളുള്ള ഐ.എസ്.എൽ റാങ്കിങ് പട്ടികയിൽ 13ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പിന്നിൽ താരതമ്യേന ദുർബലരായ മുഹമ്മദൻസ് എഫ്.സി മാത്രം. ഒന്നാം റാങ്കുകാരായ മുംബൈ സിറ്റിക്ക് 17 പോയൻറുള്ളപ്പോൾ കേരളത്തിന്റെ സ്വന്തം ടീമിനുള്ളത് വെറും ഒരു പോയൻറ് മാത്രം. ഏഴ് കളികളിൽ വെറും മൂന്ന് ഗോൾ മാത്രമേ എതിരാളികളുടെ പോസ്റ്റിലേക്ക് വീഴ്ത്താൻ കേരള ബ്ലാസ്റ്റേഴ്സിനായുള്ളൂ. ഇനി ആറു കളികൾ മാത്രമേ ബാക്കിയുള്ളൂ.
തോൽവികൾ തുടർച്ചയായതോടെ ‘ബോയ്കോട്ട്’ എന്ന കടുത്ത പ്രതിഷേധ രീതിയുമായി ടീമിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും രംഗത്തെത്തി. ഇനി സ്റ്റേഡിയങ്ങളിൽ പിന്തുണയോ ആരാധകരുടെ കൂട്ടായ പ്രവർത്തനങ്ങളോ ഉണ്ടാകില്ലെന്നാണ് മഞ്ഞപ്പട വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

