കേരള ബ്ലാസ്റ്റേഴ്സിന് ന്യൂ ഹോം! മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ, ഫുട്ബാൾ പ്രേമികൾ ആവേശത്തിൽ
text_fieldsകോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും.
ഏഴു മത്സരങ്ങളാണ് കോഴിക്കോട് നടക്കുക. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റും കേരള ഫുട്ബാൾ അസോസിയേഷനും (കെ.എഫ്.എ) ധാരണയിലെത്തി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്ക് മാറ്റുന്നത്. ഫെബ്രുവരി 14നാണ് പുതിയ ഐ.എസ്.എൽ സീസണിന് കിക്കോഫ്. ഫെബ്രുവരി അവസാനമായിരിക്കും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ സീസണിലെ ആദ്യ മത്സരം നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണ് കോഴിക്കോടിന് അനുകൂലമായത്. കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണ് കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്‍റ്. ആദ്യമായാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരത്തിന് കൊച്ചിക്കു പുറമെ, കേരളത്തിലെ മറ്റൊരു നഗരം വേദിയാകുന്നത്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിങ് ലീഗിനെ തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം ഫെബ്രുവരി പകുതിയോടെ കൈമാറാമെന്ന് സംഘാടകർ ഉറപ്പുനൽകിയിട്ടുണ്ട്.
നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം. കേരള ഫുട്ബാൾ അസോസിയേഷനാണ് സ്റ്റേഡിയം പരിപാലിക്കുന്നത്. അതേസമയം, ഐ.എസ്.എൽ വാണിജ്യ പങ്കാളിക്കായി പുതിയ ടെൻഡർ ക്ഷണിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. പുതിയ സീസണിലേക്ക് ആറ് മാസത്തിനിടെ ഇത് രണ്ടാമത്തെ ടെൻഡറാണ്. ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ബിഡിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയവും കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) കുറഞ്ഞത് 10 കോടി രൂപയുടെ ആസ്തിയും ഉള്ള ബ്രോഡ്‌കാസ്റ്റർ അല്ലെങ്കിൽ ഇന്റർനെറ്റ് ഓപറേറ്റർ ആയിരിക്കണം.
കൂടാതെ, കഴിഞ്ഞ മൂന്ന് പൂർത്തിയായ സാമ്പത്തിക വർഷങ്ങളിൽ (2022-23, 2023-24, 2024-25) കുറഞ്ഞത് 10 കോടി രൂപയുടെ ശരാശരി വാർഷിക വരുമാനം ഉണ്ടായിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നാണ് അവസാന തീയതി. പ്രതിസന്ധികൾ കാരണം നീണ്ട സീസൺ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെയാണ് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

