ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മത്സരം മാറ്റിയത്. വാസ്കോയിലെ തിലക് മൈതാനിൽ ഇന്ന് രാത്രി 7.30നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കൽ ടീമുമായി സംസാരിച്ചെന്നും കളത്തിലിറങ്ങാൻ മതിയായ താരങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലില്ലെന്നതിനെ തുടർന്നാണ് മത്സരം മാറ്റിവെക്കുന്നതെന്നും സംഘാടകർ അറിയിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരവും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയിരുന്നു.
താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ദിവസമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ മുറിയിൽ മാത്രമായി കഴിയുകയായിരുന്നു. പരിശീലനം നടത്താൻ പോലും അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പരിശീലനം നടത്തിയ മുംബൈ എഫ്.സിക്കെതിരെ മുറിയിൽ കഴിയുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ കളിപ്പിക്കുന്നതിൽ സംഘാടകർക്കെതിരെ വിമർശനമുയർന്നിരുന്നു.
11 കളികളിൽ അഞ്ച് ജയവുമായി പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്സ്. 20 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സിന് പിന്നിൽ 19 പോയിന്‍റുമായി ജംഷഡ്പൂർ എഫ്.സിയാണ് രണ്ടാമത്.