ലൂനയുമായി കരാർ നീട്ടി ബ്ലാസ്റ്റേഴ്സ്
text_fieldsകരാർ നീട്ടിയ അഡ്രിയാൻ ലൂന ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സിൻകിസിനൊപ്പം
കൊച്ചി: മധ്യനിര താരം അഡ്രിയാൻ നിക്കോളാസ് ലൂനയുമായുള്ള കരാർ രണ്ടുവർഷത്തേക്കുകൂടി നീട്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. തുടക്കത്തിൽ രണ്ടുവർഷത്തെ കരാറിലാണ് ഈ ഉറുഗ്വായ് അറ്റാക്കിങ് മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. പുതിയ കരാർ പ്രകാരം 2024വരെ അദ്ദേഹം ക്ലബിൽ തുടരും.
വൈസ് ക്യാപ്റ്റനായാണ് ക്ലബിൽ ലൂന തുടങ്ങിയത്. പിന്നീട് ജെസൽ കർണെയ്റോ പരിക്കേറ്റ് പുറത്തായതോടെ ക്യാപ്റ്റനായി. ബ്ലാസ്റ്റേഴ്സിലെ കന്നി സീസണിൽ ആറ് ഗോളുകൾ നേടിയ ലൂന ഏഴ് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. ഐ.എസ്.എൽ ഓഫ് ദ ഇയർ ടീമിലും ഇടംനേടി.
സ്പാനിഷ് ക്ലബുകളായ എസ്പാന്യോൾ, ജിംനാസ്റ്റിക്, സി.ഇ സബാഡെൾ എന്നിവയിൽ കളിച്ച് പിന്നീട് മെക്സിക്കോയിൽ എത്തിയ 29കാരൻ അവിടെ ടിബുറോനെസ് റോഹാസ, വെനാഡോസ എഫ്.സി ടീമുകൾക്കും പന്തുതട്ടി.
പിന്നീട് ആസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റിയുമായി കരാർ ഒപ്പിട്ട ലൂന രണ്ടുവർഷത്തിനിടെ 51 മത്സരങ്ങളിൽ കളിച്ചു. 2009ലെ ഫിഫ അണ്ടർ 17 ലോകകപ്പ്, 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പ് എന്നിവയിലും കളിച്ചിട്ടുണ്ട്.

