പകരംവീട്ടി ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തു
text_fieldsഹൈദരാബാദ്: കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് മധുരമായി പകരംവീട്ടി കേരള ബ്ലാസ്റ്റേഴ്സ്. ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.
ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. 12 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനും (16) മുംബൈ സിറ്റി എഫ്.സിക്കും (15) പിറകിലാണ്. ഒഡിഷ എഫ്.സിക്കും 12 പോയന്റുണ്ടെങ്കിലും കൂടുതൽ ഗോൾ നേടിയതിന്റെ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനാണ്.
തുടർച്ചയായ അഞ്ചു വിജയങ്ങളുമായി കുതിക്കുകയായിരുന്ന ഹൈദരാബാദിനെതിരെ മൂന്നു തോൽവികൾക്കുശേഷം രണ്ടു ജയം നൽകിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇവാൻ വുകോമാനോവിചിന്റെ ടീമിനായി 18ാം മിനിറ്റിൽ സ്ട്രൈക്കർ ദിമിത്രിയോസ് ഡിയമന്റകോസ് ആണ് നിർണായക ഗോൾ നേടിയത്.
ലീഡുയർത്താൻ ബ്ലാസ്റ്റേഴ്സിനും സമനില പിടിക്കാൻ ഹൈദരാബാദിനും അവസരങ്ങളേറെ ലഭിച്ചെങ്കിലും ഇരുപ്രതിരോധനിരകളും ഗോളിമാരും ഉറച്ചുനിന്നതോടെ കൂടുതൽ ഗോളുകൾ പിറന്നില്ല. ഡിസംബർ നാലിന് ജാംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

