എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും
text_fieldsകൊച്ചി: ഹോംഗ്രൗണ്ടിലെ വാടകയുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറും കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും (ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെന്റ് അതോറിറ്റി) തമ്മിലുള്ള തർക്കത്തിൽ വെടിനിർത്തൽ. ജി.സി.ഡി.എ ആവശ്യപ്പെട്ട ഉയർന്ന വാടകനിരക്കിൽ കുറവുവരുത്തി. എന്നാൽ, കോഷൻ ഡെപ്പോസിറ്റായി അതോറിറ്റി ആവശ്യപ്പെട്ട തുക തന്നെ നൽകാനും തീരുമാനിച്ചു. ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപയാണ് പുതിയ തീരുമാനപ്രകാരം വാടകയായി നൽകേണ്ടത്. പുതിയ നിബന്ധനകൾ പ്രകാരമുള്ള കരാർ ഉടൻ തയാറാക്കി ഇരുകൂട്ടരും ഒപ്പുവെക്കും. വ്യാഴാഴ്ച ചേർന്ന ജി.സി.ഡി.എ എക്സിക്യട്ടിവ് യോഗത്തിലാണ് അന്തിമ തീരുമാനമായത്. ഇക്കാര്യങ്ങൾ അതോറിറ്റി കെ.ബി.എഫ്.സിയെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.
പുതുക്കിയ വാടകനിരക്കായി 4.25 ലക്ഷം രൂപ വീതമാണ് നേരത്തെ അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മത്സരത്തിന് ആഴ്ചകൾക്ക് മുമ്പ് നടത്തിയ ചർച്ചയിൽ ഐ.എസ്.എല്ലിന്റെ പ്രതിസന്ധി തിരിച്ചറിഞ്ഞ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പ്രതിദിന വാടക രണ്ട് ലക്ഷമാക്കിയിരുന്നു. ഈ തുക വെട്ടി ജി.സി.ഡി.എ എക്സിക്യുട്ടീവ് യോഗത്തിൽ 4.25 ലക്ഷമാക്കി ഉയർത്തി തീരുമാനിച്ചതോടെയാണ് ക്ലബും അതോറിറ്റിയും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തു. പിന്നാലെ കഴിഞ്ഞയാഴ്ച ആദ്യമത്സരത്തിനു മുമ്പ് ക്ലബ് ഉടമ ഉൾപ്പെടെ അധികൃതരെയും പരിശീലകനെയുമുൾപ്പെടെ സ്റ്റേഡിയത്തിൽ നിന്ന് ഇറക്കിവിട്ട സംഭവം പോലുമുണ്ടായി. പിന്നീട് മന്ത്രി പി. രാജീവ് ഇടപെട്ടാണ് വിഷയം ഒത്തുതീർപ്പിലെത്തിച്ചതും മത്സരത്തിനായി സ്റ്റേഡിയം തുറന്നു കൊടുത്തതും.
സാധാരണയായി ക്ലബ് ക്വാഷൻ ഡെപ്പോസിറ്റായി നൽകിയ ഒരു കോടി രൂപയാണ്. ഓരോ വർഷവും സ്റ്റേഡിയത്തിലുണ്ടാകുന്ന നഷ്ടം കണക്കാക്കി ജി.സി.ഡി.എ ഈടാക്കുന്ന തുക ക്വാഷൻ ഡെപോസിറ്റിലേക്ക് അടക്കാറുമുണ്ട്. സാധാരണഗതിയിൽ 20 ലക്ഷത്തിൽ താഴെയാണ് ഈ തുക വരുന്നതെങ്കിലും ഇത്തവണ 28 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക തരാനാവില്ലെന്നായിരുന്നു മാനേജ്മന്റെ് നിലപാട്. മെഗാനൃത്ത സന്ധ്യയിൽ ഗ്രൗണ്ടിന് ഉണ്ടായ കേടുപാടടക്കം കലൂർ സ്റ്റേഡിയത്തിലെ നാശനഷ്ടം കബ്ബിന്റെ തലയിൽ വച്ചുവെന്നായിരുന്നു ക്ലബ് ചൂണ്ടിക്കാട്ടിയത്. പിന്നീട് നടന്ന അനുരഞ്ജന ചർച്ചകളുടെ അടിസ്ഥാനത്തിൽ 28 ലക്ഷം രൂപ തന്നെ അടക്കാമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

