ബ്ലാസ്റ്റേഴ്സ് നായകൻ ജെസ്സൽ കർണെയ്റോ ഇനി ‘ശത്രുപാളയത്തിൽ’; രണ്ടു വർഷത്തെ കരാർ
text_fieldsപനാജി: കേരള ബ്ലാസ്റ്റേഴ്സ് നായകൻ ജെസ്സൽ കർണെയ്റോ ഇനി ബംഗളൂരു എഫ്.സിക്കായി കളിക്കും. രണ്ടു വർഷത്തെ കരാറിലാണ് ഗോവൻ പ്രതിരോധ താരം ബംഗളൂരുവിലെത്തിയത്.
ഗോവ പ്രഫഷണൽ ലീഗിൽ ഡെംപോ സ്പോർട്സ് ക്ലബ് താരമായിരുന്ന ജെസൽ 2019ലാണ് ഒരു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ ലഫ്റ്റ് ബാക്കിൽ തിളങ്ങിയ താരത്തിന് ക്ലബ് മൂന്നു വർഷത്തെ കരാർ നീട്ടി നൽകി. അടുത്ത മാസം കരാർ അവസാനിക്കാനിരിക്കെയാണ് താരം ബംഗളൂരുമായി രണ്ടു വർഷത്തെ കരാറിൽ ധാരണയിലെത്തിയത്.
ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ആദ്യഘട്ട ചർച്ചകളും നടന്നിരുന്നു. എന്നാൽ ഒരു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവെച്ചത്. എന്നാൽ ബംഗളുരു രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതോടെ ജെസ്സൽ ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു.
ഐ.എസ്.എൽ കഴിഞ്ഞ സീസണിൽ പല മത്സരങ്ങളിലും താരം സൈഡ് ബെഞ്ചിലായിരുന്നു. താരത്തിന്‍റെ പ്രകടനം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ബംഗളൂരുവിനെതിരെ വിവാദമായ ഐ.എസ്.എൽ നോക്കൗട്ട് മത്സരത്തിലാണ് താരം അവസാനമായി ബ്ലാസ്റ്റേഴ്സിനുവേണ്ടി കളത്തിലിറങ്ങിയത്. 76 മിനിറ്റ് കളിച്ച താരത്തെ പിന്നീട് കോച്ച് ഇവാൻ വുകോമനോവിച്ച് പിൻവലിച്ചു.
പരിക്കിനെ തുടർന്ന് സൂപ്പർ കപ്പിലും താരത്തിന് കളിക്കാനായില്ല. ബ്ലാസ്റ്റേഴ്സിനായി നാല് സീസണാണ് ജെസ്സൽ കളിച്ചത്. അറുപതിലേറെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയണിഞ്ഞ ജെസ്സൽ കഴിഞ്ഞ രണ്ട് സീസണുകളായി ക്ലബിന്റെ നായകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

