കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സ്പോട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് തുടരും. അഞ്ച് വർഷത്തേക്കാണ് കരോളിസുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിയത്.
2020ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്ത്രപ്രധാനമായ പുനഃസംഘടനയുടെ ഭാഗമായാണ് സ്പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്നുമുതൽ ക്ലബ്ബിന്റെ കായികപ്രവർത്തനങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചുവരുന്നു. കരോളിസ് ചുമതലയേറ്റെടുത്തശേഷം ക്ലബ് ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി പ്ലേഓഫുകൾക്ക് യോഗ്യത നേടുകയും 2021-22 സീസണിൽ ടീം റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു.
കരാർ നീട്ടിയതിലൂടെ ക്ലബ്ബിന്റെ എല്ലാവിധ സ്പോർട്ടിങ് പ്രവർത്തനങ്ങളിലും കാര്യക്ഷമതയും മികവും ഉറപ്പാക്കുന്നതിൽ കരോളിസ് മേൽനോട്ടം വഹിക്കും. ടീം സെലക്ഷൻ, റിക്രൂട്ട്മെന്റ് തുടങ്ങി യൂത്ത് ഡെവലപ്മെന്റ് വരെയുള്ള ക്ലബ്ബിന്റെ എല്ലാ മേഖലയിലും അദ്ദേഹം നേതൃത്വം നൽകും.

