അൽ ഹിലാലിനോട് വിടപറഞ്ഞ് ബെൻസെമ; കരാർ അവസാനിപ്പിച്ചത് പരസ്പര സമ്മതത്തോടെ
text_fieldsറിയാദ്: സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിൽ നിന്ന് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസെമ പടിയിറങ്ങുന്നു. അൽ ഇത്തിഹാദിൽ നിന്ന് അൽ ഹിലാലിലെത്തി വെറും ആറുമാസത്തിന് ശേഷമാണ് താരത്തിന്റെ വിടവാങ്ങൽ. മുൻ റയൽ മാഡ്രിഡ് താരമായ ബെൻസെമയുമായുള്ള കരാർ പരസ്പര സമ്മതത്തോടെ റദ്ദാക്കിയതായി ക്ലബ്ബ് തിങ്കളാഴ്ച ഔദ്യോഗികമായി അറിയിച്ചു.
പഴയ ക്ലബ്ബായ അൽ ഇത്തിഹാദുമായുള്ള കരാർ തർക്കങ്ങളെത്തുടർന്ന് ഈ വർഷം ജനുവരിയിലാണ് ബെൻസെമ അൽ ഹിലാലിൽ ചേർന്നത്. "അൽ ഹിലാൽ ക്ലബ്ബ് കമ്പനിയും ഫ്രഞ്ച് താരം കരിം ബെൻസെമയും തമ്മിലുള്ള കരാർ ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ അൽ ഹിലാൽ സീനിയർ ഫുട്ബോൾ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ സേവനത്തിന് വിരാമമാവുകയാണ്," ക്ലബ്ബ് തങ്ങളുടെ വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ടീമിലുണ്ടായിരുന്ന സമയത്ത് കളത്തിനകത്തും പുറത്തും ബെൻസെമ കാഴ്ചവെച്ച പ്രൊഫഷണലിസത്തെയും പ്രതിബദ്ധതയെയും നേതൃപാടവത്തെയും ക്ലബ്ബ് പ്രശംസിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയിൽ നിന്ന് ഇംഗ്ലീഷ് സ്ട്രൈക്കർ ഒല്ലി വാറ്റ്കിൻസിനെ സ്വന്തമാക്കിയതായി അൽ ഹിലാൽ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ബെൻസെമയുടെ പടിയിറക്കം എന്നത് ശ്രദ്ധേയമാണ്. വിഖ്യാത താരത്തിന്റെ അടുത്ത തട്ടകം ഏത് ക്ലബ്ബായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

