അരങ്ങേറ്റത്തിൽ വലകുലുക്കി കരീം ബെൻസേമ; അൽ ഇത്തിഹാദിന് ജയം
text_fieldsസൗദി ക്ലബിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി സൂപ്പർതാരം കരീം ബെൻസേമ. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ ഇത്തിഹാദിനായി വിജയ ഗോൾ നേടി താരം അരങ്ങേറ്റ മത്സരത്തിൽതന്നെ തിളങ്ങി.
ടൂണീഷ്യൻ ക്ലബ് എസ്പെറൻസ് ടുണിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി ക്ലബ് വീഴ്ത്തിയത്. ഇത്തിഹാദ് ക്ലബിനായി അരങ്ങേറ്റ മത്സരം കളിച്ച മറ്റൊരു മുൻ ഫ്രഞ്ച് മധ്യനിര താരം എൻഗോളോ കാന്‍റെയും ടീമിന്‍റെ വിജയത്തിൽ നിർണായക പ്രകടനം നടത്തി.
മത്സരത്തിൽ ടുണീഷ്യൻ ക്ലബാണ് ആദ്യം ലീഡെടുത്തത്. 25ാം മിനിറ്റിൽ ഔസാമ ബൗഗേറ ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ, 35ാം മിനിറ്റിൽ അബ്ദുറസാഖ് ഹംദല്ലായിലൂടെ ഇത്തിഹാദ് ഒപ്പമെത്തി. ബെൻസേമയാണ് ഗോളിന് വഴിയൊരുക്കിയത്. 55ാം മിനിറ്റിൽ ബേൻസേമ ടീമിന്‍റെ വിജയഗോളും നേടി.
രണ്ടാം പകുതിയിൽ മുൻ ചെൽസി താരം കാന്‍റെ മധ്യനിരയിൽ നടത്തിയ മികച്ച നീക്കങ്ങളാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

