വാരിയേഴ്സ് വാരി! സൂപ്പർലീഗ് കേരള കിരീടം കണ്ണൂരിന്, തൃശൂർ എഫ്.സിയെ തോൽപിച്ചത് ഒറ്റ ഗോളിന്
text_fieldsകണ്ണൂർ: സ്വന്തം പോർക്കളത്തിൽ പത്ത് പേരുമായി പോരാടി ജയിച്ച കണ്ണൂർ വാരിയേഴ്സിന് സൂപ്പർ ലീഗ് കേരള കിരീടം. സൂചി കുത്താനിടമില്ലാത്ത വിധം തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിർത്തി ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അവർ എതിരില്ലാത്ത ഒറ്റ ഗോളിന് തൃശൂർ മാജിക് എഫ്.സിയെ തോൽപിച്ചു.
ആദ്യ പകുതിയുടെ 16-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ നായകൻ അസിയർ ഗോമസാണ് വിജയ ഗോൾ നേടിയത്. ഇടവേളക്ക് തൊട്ടുമുമ്പ് ഡിഫണ്ടർ സചിൻ സുനിൽ ചുകപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ വാരിയേഴ്സ് സ്വന്തം തട്ടകത്തിലെ തോൽവികളുടെ തലവര മാറ്റിയാണ് കിരീടം മാറോടണച്ചത്. സ്വന്തം മണ്ണിലെ ആദ്യ ജയം കൂടിയാണിത്.
പ്രതീക്ഷക്കൊത്തുയരാതെ പോയ കിരീട പോരാട്ടത്തിൻ്റെ തുടക്കം മുതൽ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. നിറഞ്ഞ ഗാലറിയുടെ ആർപ്പുവിളികളേറ്റു വാങ്ങിയ വാരിയേഴ്സാണ് ആദ്യം മുതൽ ഗോളിലേക്ക് ചുവട് വെച്ചത്. എന്നാൽ പ്രതീക്ഷകളുടെ അതി സമ്മർദ്ദത്തിൽ അവരുടെ ആദ്യ നീക്കങ്ങൾക്ക് ചടുലത കുറവായിരുന്നു. മറുവശത്ത് മാജിക്ക് എഫ്.സി. പ്രതിരോധം ഭദ്രമാക്കുന്നതിലായിരു ശ്രദ്ധിച്ചത്. എന്നാൽ കളിയുടെ 16-ാം മിനിറ്റിൽ കണ്ണൂർ കാത്തിരുന്ന ഗോളെത്തി. തൃശൂർ പ്രതിരോധത്തിൽ നിന്ന് കുടുക്കിയെടുത്ത പന്തുമായി അടിവെച്ച മുഹമ്മദ് സിനാൻ അതിമനോഹരമായി രണ്ടാം പോസ്റ്റിലേക്ക് ക്രോസ് ചെയ്തത് തക്കം പാർത്ത് നിന്ന അസിയർ ഗോമസിൻ്റെ തലയിലേക്കായിരുന്നു. അത്ര തന്നെ ആകർഷകമായി അസിയർ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ട .
പന്ത് വലയിൽ പതിച്ചെന്ന് തോന്നിച്ചെങ്കിലും തൃശൂർ ഡിഫണ്ടർ തേജസ് കൃഷ്ണ കൈ കൊണ്ട് തടഞ്ഞു. ആദ്യം പെനാൽട്ടി വിളിക്കാൻ മടിച്ച റഫറി വെങ്കിടേശ് വാരിയേഴ്സിൻ്റെ അപ്പീലിൽ തീരുമാനം മാറ്റി. പെനാൽട്ടിയെടുത്ത നായകൻ അസിയർ ഗോമസ് അനായസം പന്ത് വലയിലാക്കി. ഗാലറികളെ പ്രകമ്പനം കൊള്ളിച്ച ഗോൾ പിറന്നതോടെ ഇരു ഗോൾ മുഖത്തും പന്ത് കയറിയിറങ്ങി. മധ്യനിരയിൽ വാരിയേഴ്സിൻ്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഷിജിൻ്റെ രണ്ട് മികച്ച ശ്രമങ്ങൾ ഗോളി കമാലുദ്ദീൻ്റെ മികവിന് മുന്നിൽ പാഴായി.
ഇടവേളക്ക് സമനില പിടിക്കാനുള്ള തൃശൂരിൻ്റെ ശ്രമങ്ങൾ ആതിഥേയ പ്രതിരോധത്തിൽ തട്ടി തകർന്നുകൊണ്ടിരുന്നു. ഒരിക്കൽ അലൻ്റെ ഫ്രീകിക്കിൽ നിന്ന് ഗോൾമുഖത്തെത്തിയ പന്ത് നിയന്ത്രിച്ചെടുത്ത തേജസ് കൃഷ്ണ തുറന്ന പോസ്റ്റിന് മുന്നിൽ പുറത്തേക്കടിച്ചു തുലച്ചു.
ഇടവേളക്ക് തൊട്ടുമുമ്പ് തൃശൂർ നായകൻ കെവിൻ പാഡിലയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് വാരിയേഴ്സിൻ്റെ സചിൻ സുനിൽചുകപ്പ് കാർഡ് കണ്ടു പുറത്തായത് കനത്ത തിരിച്ചടിയായി.രണ്ടാം പകുതിയിൽ പത്ത് പേരായി ചുരുങ്ങിയ വാരിയേഴ്സ് മധ്യനിരയിൽ നിന്ന് കീൻ ലൂയിസിനെ പിൻവലിച്ച് സന്ദീപിനെ പ്രതിരോധത്തിൽ പ്രതിഷ്ഠിച്ചാണ് കളിക്കാനിറങ്ങിയത്. ആക്രമണമുപേക്ഷിച്ച് പ്രതിരോധ കോട്ട തീർക്കാനുറച്ച കണ്ണൂർ തൃശൂർ ഗോളി കമാലുദ്ദീന് പൂർണ വിശ്രമമനുവദിച്ചു. സമനില ഗോൾ തേടിയ തൃശൂർ ആദ്യം തന്നെ മൂന്ന് മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോളിലേക്ക് വഴി തുറന്നു കിട്ടിയില്ല. ഇടക്ക് ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് ക്യപ്റ്റൻ മെയ്ൽസൺ ഹെഡറിലൂടെ വലക്കകത്താക്കിയെങ്കിലും ഓഫ് സൈഡായി . പിന്നെയും തൃശൂരിൻ്റെ മുന്നേറ്റങ്ങൾ തുടർന്നെങ്കിലും വാരിയേഴ്സ് പ്രതിരോധം എല്ലാം മറന്ന് നേരിട്ടു. അധിക സമയമായി അനുവദിച്ച അവസാന പത്ത് മിനിറ്റും ഉദ്വേഗജനകമായിരുന്നെങ്കിലും ഇത്തവണ ഭാഗ്യം വാരിയേഴ്സിനൊപ്പംനിന്നു. ജേതാക്കൾക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

