കെയ്ൻ യുഗം! ഇനി ബാലൺ ഡി ഓറിന്‍റെ രാജാവ്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം
text_fieldsബാലൺ ഡി ഓർ പുരസ്കാരവുമായി ഹാരി കെയ്ൻ
ലോക ഫുട്ബാളിലെ ഏറ്റവും വലിയ പുരസ്കാരമായ ബാലൺ ഡി ഓറിൽ 25 വർഷത്തിനുശേഷമാണ് ഹാരി കെയ്നിലൂടെ ഒരു ഇംഗ്ലീഷ് താരം മുത്തമിടുന്നത്. 2001ൽ സൂപ്പർ താരം മൈക്കൽ ഓവനാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള പുരസ്‌കാരം ബയേൺ മ്യൂണിക്കിന്റെ 33കാരനായ സ്‌ട്രൈക്കർ കെയ്ൻ ഏറ്റുവാങ്ങിയത്.
ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് താരമാണ്. സ്റ്റാൻലി മാത്യൂസ് (1956), ബോബി ചാൾട്ടൺ (1966), കെവിൻ കീഗൻ (1978, 1979), മൈക്കൽ ഓവൻ (2001) എന്നിവരാണ് മുമ്പ് പുരസ്‌കാരം നേടിയത്. റയൽ മാഡ്രിഡിന്റെയും ഫ്രാൻസിന്റെയും മുന്നേറ്റതാരം കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, സ്പാനിഷ് യുവതാരം ലമീൻ യമാൽ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി 51 മത്സരങ്ങളിൽനിന്ന് കെയ്ൻ 61 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഒരു സീസണിൽ ബയേൺ താരത്തിന്റെ ഏറ്റവും ഉയർന്ന ഗോൾനേട്ടമാണിത്. ഇംഗ്ലണ്ടിനായുള്ള മത്സരങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ 65 മത്സരങ്ങളിൽനിന്ന് 73 ഗോളുകളും എട്ട് അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിലെ ക്ലബുകളിൽ കളിക്കുന്ന താരങ്ങളിൽ ഒരു സീസണിൽ ഇതിലും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ഒരാൾ മാത്രമാണ്.
കഴിഞ്ഞ സീസണിൽ ലോക ഫുട്ബാളിലെ വലിയ രണ്ട് കിരീടങ്ങളായ ലോകകപ്പും ചാമ്പ്യൻസ് ലീഗും കൈ അകലത്തിലാണ് താരത്തിന് നഷ്ടമായത്. രണ്ട് ടൂർണമെന്റുകളിലും സെമിഫൈനലിലാണ് കെയ്നും സംഘവും പുറത്തായത്. എന്നാൽ, വ്യക്തിഗത കളി മികവിൽ കെയ്ൻ മറ്റെല്ലാ താരങ്ങളെയും മറികടന്നു. കാൾ-ഹെയ്ൻസ് റുമ്മെനിഗെക്ക് ശേഷം ബാലൺ ഡി ഓർ നേടുന്ന ആദ്യ ബയേൺ താരമായും കെയ്ൻ മാറി. റുമ്മെനിഗെ 1981ലാണ് പുരസ്‌കാരം നേടിയത്.
എട്ടാം വയസ്സിൽ ആഴ്‌സണൽ തഴഞ്ഞു; ഇന്ന് ലോകത്തിന്റെ നെറുകയിൽ
ലോക ഫുട്ബാളിലെ നിലവിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കെയ്ൻ. ബാലൺ ഡി ഓർ നേട്ടത്തോടെ കെയ്‌നിന്റെ പ്രതിഭക്ക് ഒടുവിൽ അർഹമായ അംഗീകാരം ലഭിച്ചിരിക്കുന്നു. ലണ്ടനിൽനിന്നുള്ള ഒരു താരം ഫുട്ബാളിന്റെ നെറുകയിലെത്തി എന്നത് മാത്രമല്ല ഈ നേട്ടത്തിന്റെ പ്രത്യേകത. അവിടേക്കുള്ള അദ്ദേഹത്തിന്റെ ദീർഘമായ യാത്രയും അതിനിടയിൽ നേരിട്ട പ്രതിസന്ധികളും അതിജീവനവുമാണ് ഈ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. എട്ടാം വയസ്സിൽ ആഴ്‌സനൽ അക്കാദമിയിൽനിന്ന് കെയ്നെ പുറത്താക്കിയിരുന്നു.
ശരീരം അൽപ്പം തടിച്ചതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്ന് പുറത്താക്കിയത്. ആഴ്‌സനൽ പോലൊരു പ്രമുഖ ക്ലബിന് അന്ന് കുട്ടി കെയ്നിലെ പ്രതിഭ തിരിച്ചറിയാനായില്ല. ഭാവിയിൽ പ്രഫഷനൽ ഫുട്ബാൾ താരമാകാൻ ആവശ്യമായ സ്വാഭാവിക കായികക്ഷമത കെയ്‌നിന് ഇല്ലെന്നായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ, കെയ്ൻ തളർന്നില്ല! അതിനെ മുന്നോട്ടു കുതിക്കാനും സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുമുള്ള ഇന്ധനമാക്കി മാറ്റി. നോർത്ത് ലണ്ടനിലെ ആഴ്‌സനലിന്റെ എതിരാളികളായ ടോട്ടൻഹാമിലെ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുന്നതിനു മുമ്പായി നാലു വ്യത്യസ്ത ക്ലബുകളിൽ താരത്തിന് ലോണിൽ കളിക്കേണ്ടി വന്നു. ലെയ്‌റ്റൺ ഓറിയന്റ്, മിൽവാൾ, നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി ക്ലബുകളിലാണ് താരം വായ്പയിൽ കളിച്ചത്. ഈ നാല് ലോൺ കാലയളവുകളിലും കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഉയർന്ന തലത്തിൽ കളിക്കാനുള്ള വേഗമോ മികവോ കെയ്‌നിനുണ്ടോ എന്ന സംശയങ്ങൾ വിമർശകർ തുടർച്ചയായി ഉന്നയിച്ചു.
എന്നാൽ അദ്ദേഹം പിന്മാറിയില്ല. സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും തന്നെ സംശയിച്ചവർക്ക് മറുപടി നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുകാലുകൾകൊണ്ടും ഫിനിഷ് ചെയ്യാനുള്ള കഴിവ് വളർത്തിയെടുത്തു. വിമർശനങ്ങൾക്കിടയിലും തളരാത്ത ഉറച്ച മാനസികശക്തിയും കെട്ടിപ്പടുത്തു. ഒടുവിൽ ടോട്ടൻഹാമിന്‍റെ ചരിത്രം തന്നെ തിരുത്തിയെഴുതി. ക്ലബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനെന്ന നേട്ടവും സ്വന്തമാക്കി. ലോക ഫുട്ബാളിലെ ഏറ്റവും അപകടകാരികളായ സ്‌ട്രൈക്കർമാരിൽ ഒരാളായി. ടോട്ടൻഹാമിൽ കളിക്കുമ്പോൾ ഗോളുകളും വ്യക്തിഗത അംഗീകാരങ്ങളും നേടുമ്പോഴും കിരീടം മാത്രം അകന്നുനിന്നു.
30ാം വയസ്സിലാണ് കെയ്ൻ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തുന്നത്. ഇംഗ്ലീഷ് താരത്തിനായി ബയേൺ ചെലവഴിച്ചത് 9.5 കോടി യൂറോയാണ്. ഇതോടെ ബുന്ദസ് ലീഗയിലെ ഏറ്റവും വിലയേറിയ താരമായി. 31 വയസ്സിൽ ക്ലബിനൊപ്പം കരിയറിലെ ആദ്യ സുപ്രധാന കിരീടത്തിൽ മുത്തമിട്ടു. തന്നെ സംശയിച്ചിരുന്നവർക്കുള്ള മറുപടികൂടിയായിരുന്നു അത്. ഒടുവിൽ 33ാം വയസ്സിൽ ലോകത്തിന്റെ നെറുകയിൽ. കെയ്‌നിനെ സംബന്ധിച്ചിടത്തോളം ബാലൺ ഡി ഓർ എന്നത് സീസണിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം മാത്രമല്ല, കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് തന്നെ തിരസ്കരിച്ചവരോടുള്ള താരത്തിന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിനുള്ള ആദരം കൂടിയാണത്. പ്രതിഭക്കൊപ്പം ക്ഷമയും കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് തിരിച്ചടിയെയും അതിജീവിക്കാമെന്നതിന്റെ ഉദാഹരണം.
റെക്കോർഡുകൾ തകർത്തെറിഞ്ഞ സീസൺ
ബയേണിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഇത്രയും ഗോളുകൾ നേടിയ മറ്റൊരു താരമില്ല. ഗെർഡ് മുള്ളർ, റുമ്മെനിഗെ, റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങിയ ഇതിഹാസ ഗോൾവേട്ടക്കാർ കളിച്ച ക്ലബിലാണ് കെയ്ൻ ഈ റെക്കോഡ് സ്വന്തമാക്കിയത്. 11 വർഷം മുമ്പ് റയൽ മാഡ്രിഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സീസണിൽ നേടിയ 61 ഗോളുകൾക്ക് തുല്യമായ നേട്ടമാണ് കെയ്ൻ ബയേണിനായി കൈവരിച്ചത്. എന്നാൽ, ദേശീയ ടീമിനായുള്ള ഗോളുകൾ കൂടി കണക്കിലെടുക്കുമ്പോൾ യൂറോപ്പിലെ പ്രധാന ലീഗുകളിൽ കളിച്ച താരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീസൺ ഗോൾനേട്ടം ലയണൽ മെസ്സിയുടെ പേരിലാണ്. 2011-12 സീസണിൽ ബാഴ്‌സലോണക്കും അർജന്റീനക്കുമായി മെസ്സി 82 ഗോളുകൾ നേടിയിരുന്നു.
ഇങ്ങനെ ഒരു നേട്ടത്തിലെത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കെയ്ൻ പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രതികരിച്ചു. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് ഉയർച്ചതാഴ്ചകൾ നേരിടേണ്ടിവന്നു. ഇപ്പോൾ കാണുന്ന ചില താരങ്ങളെപ്പോലെ സൂപ്പർതാരമാകുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നില്ല ഞാൻ.
എനിക്ക് അവസരത്തിനായി ഒരുപാട് കാത്തിരിക്കേണ്ടിവന്നു. കഠിനാധ്വാനം ചെയ്യേണ്ടിവന്നു. പലപ്പോഴും എനിക്ക് എന്നോുതന്നെ പോരാടേണ്ടിവന്നു. അതെല്ലാം അതിജീവിക്കാൻ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ആവശ്യമായിരുന്നു -കെയ്ൻ പറഞ്ഞു. ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷെൽ കെയ്നിന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പുരസ്‌കാരം നേടിയത് വലിയൊരു ബഹുമതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

