കലൂർ സ്റ്റേഡിയം തിരിച്ചെടുത്തു; നവീകരണ ജോലികൾ ബാക്കി
text_fieldsകലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
കൊച്ചി: അർജന്റീന ഫുട്ബാൾ ടീമിന്‍റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് നവീകരണ ജോലികൾക്കായി സ്പോർട്സ് കേരള ഫൗണ്ടേഷനും (എസ്.കെ.എഫ്) തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും (ആർ.ബി.സി) കൈമാറിയിരുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ) തിരിച്ചെടുത്തു.
നവംബർ 30 വരെയാണ് സ്റ്റേഡിയം കൈമാറിയിരുന്നത്. സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നവീകരണ ജോലികൾ പൂർത്തിയാകുംമുമ്പേ തിരിച്ചെടുത്തത്. ടർഫ് നവീകരണം, സീറ്റുകളുടെ നവീകരണം, കവാട നിർമാണം, പാർക്കിങ് പുനരുദ്ധാരണം, ചുറ്റുമതിൽ നിർമാണം, സ്റ്റേഡിയത്തിന്റെ അകത്തുള്ള ടോയ്ലറ്റുകൾ, ഹാൾ സീലിങ്, വി.ഐ.പി എൻട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെ നവീകരണം തുടങ്ങിയ ജോലികളാണ് ലക്ഷ്യമിട്ടിരുന്നത്.
കളി മാറ്റിവെക്കേണ്ട സാഹചര്യം ഉടലെടുത്തതോടെ തുടങ്ങിവെച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആർ.ബി.സിക്ക് അനുവാദം നൽകിയിരുന്നു. ഫീൽഡ് ഓഫ് പ്ലേയിലെ ടർഫ് നവീകരണം, സ്റ്റേഡിയം ലോവർ ടയറിലെ കസേരകൾ മാറ്റിസ്ഥാപിക്കൽ, വി.ഐ.പി ഏരിയയിൽ പുതിയ എച്ച്.ഡി.പി.ഇ കസേരകൾ സ്ഥാപിക്കൽ, 348 മീ. ചുറ്റുമതിൽ നിർമാണം, ഡ്രൈനേജ് ലൈനുകളുടെ ശുചീകരണം, പിറ്റുകൾ അധികമായി സ്ഥാപിച്ച് എർത്തിങ് സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയ ജോലികളാണ് പൂർത്തിയായത്.
ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റേഡിയം തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 1.845 മീ. നീളത്തിൽ കോമ്പൗണ്ട്, പ്ലാസ്റ്ററിങ് പ്രവൃത്തികൾ, പൂർണമായി നവീകരിക്കുന്ന ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിങ്സ് സ്ഥാപിക്കുന്ന ജോലികൾ, പെയിന്‍റിങ്, ടൈൽ സ്ഥാപിക്കൽ, സ്റ്റേഡിയത്തിലെ ഫ്ലഡ്ലിറ്റിൽ എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിക്കൽ തുടങ്ങിയ ജോലികൾ പൂർത്തിയാകാനുണ്ട്. ഇതിനായി ആർ.ബി.സി ഷെഡ്യൂൾ സമർപ്പിച്ചിട്ടുണ്ടെന്നും ഡിസംബർ 20നകം ജോലികൾ പൂർത്തിയാകുമെന്നുമാണ് ജി.സി.ഡി.എയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

