യൂറോപ ലീഗ്: യുവന്റസ്-സെവിയ്യ സമനില
text_fieldsയൂറോപ ലീഗ് സെമിയിൽ സെവിയ്യക്കെതിരെ യുവന്റസിന്റെ സമനില ഗോൾ നേടിയ ഫെഡറികോ ഗാറ്റിയുടെ ആഹ്ലാദം
ലണ്ടൻ: യൂറോപ ലീഗിൽ കൂടുതൽ കിരീടങ്ങൾ കൈവശമുള്ള സെവിയ്യയും രണ്ടാം സ്ഥാനം പങ്കിടുന്ന യുവന്റസും തമ്മിലുള്ള സെമി ഫൈനൽ ആദ്യ പാദ പോരിൽ സമനില. സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ അവസാന നിമിഷത്തിലെ ഗോളിലാണ് യുവെ സമനില പിടിച്ചത്. 26ാം മിനിറ്റിൽ യൂസുഫ് അന്നസീരിയിലൂടെ മുന്നിലെത്തിയ സെവിയ്യ വിജയമുറപ്പിച്ചിരിക്കെ 97 മിനിറ്റ് പിന്നിട്ടപ്പോൾ പകരക്കാരനായി കളത്തിലെത്തിയ ഫെഡറികോ ഗാറ്റിയിലൂടെ യുവന്റസ് നാടകീയമായി സമനില പിടിക്കുകയായിരുന്നു. മറ്റൊരു സെമി ആദ്യ പാദത്തിൽ എ.എസ് റോമ 1-0ത്തിന് ബയർ ലെവർകൂസനെ തോൽപിച്ചു. 63ാം മിനിറ്റിൽ എഡ്വേഡോ ബോവ് ആണ് നിർണായക ഗോൾ സ്കോർ ചെയ്തത്. രണ്ടാം പാദ സെമി ഈ മാസം 18ന് നടക്കും.

