ഏഴു മിനിറ്റിനിടെ മൂന്നു ഗോൾ; തോൽവി ഇരന്നുവാങ്ങി റോമ
text_fieldsറോം: സീരി എയിലെ മുൻനിര പോരാട്ടത്തിൽ 70ാം മിനിറ്റുവരെ 3-1ന്റെ വൻ ലീഡുമായി ജയമുറപ്പിച്ചുനിന്ന റോമയെ ഏഴു മിനിറ്റിൽ മൂന്നുവട്ടം വല കുലുക്കി മറികടന്ന് യുവന്റസ്. 11ാം മിനിറ്റിൽ അബ്രഹാമിലൂടെ ആദ്യം ഗോളടിച്ച് മുന്നിലെത്തിയത് റോമയായിരുന്നു. വൈകാതെ അർജന്റീന താരം ഡിബാല യുവെയെ ഒപ്പമെത്തിച്ചു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടുവട്ടം വലകുലുക്കി റോമ മുന്നിലെത്തി. പക്ഷേ, 70ാം മിനിറ്റിൽ രണ്ടം ഗോൾ നേടിയ യുവന്റസ് അടുത്തടുത്ത മിനിറ്റുകളിൽ രണ്ടു വട്ടംകൂടി പന്ത് വലയിലെത്തിച്ച് ടീമിന്റെ ജയം ഉറപ്പിച്ചു. റോമക്കായി മിക്കിട്ടാരിയൻ, പെലഗ്രിനി എന്നിവരും യുവെ നിരയിൽ ലൊകടെല്ലി, കുലുസേവ്സ്കി, ഡി സിഗ്ലിയോ എന്നിവരും ഗോളുകൾ നേടി. റോമക്ക് വിലപ്പെട്ട സമനിലക്ക് അവസാന നിമിഷങ്ങളിൽ പെനാൽറ്റിയായി അവസരം ലഭിച്ചത് ഗോളിയുടെ കൈകളിലേക്ക് അടിച്ചുനൽകി ലോറൻസോ പെലഗ്രിനി പാഴാക്കിയതും കളിയുടെ അപൂർവ കാഴ്ചയായി.

