ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ ഓർമയായി
text_fieldsപാരിസ്: ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമെന്ന് ഫോണ്ടെയ്ന്റെ മുൻ ക്ലബ് റെയിംസ് പ്രസ്താവനയിൽ അറിയിച്ചു.
ഒരൊറ്റ ലോകകപ്പിൽ കൂടുതൽ ഗോളടിച്ച താരമായാണ്ണ് ഫോണ്ടെയ്ൻ വിഖ്യാതനായത്. 1958ൽ സ്വീഡൻ ആതിഥ്യം വഹിച്ച ലോകകപ്പിലായിരുന്നു ഫോണ്ടെയ്നിന്റെ 13 ഗോൾ നേട്ടം. 65 വർഷത്തിനുശേഷവും തകർക്കപ്പെടാത്ത റെക്കോഡാണിത്.
ഫ്രഞ്ച് ലീഗിന് പുറത്ത് അറിയപ്പെടാത്ത താരമായിട്ടായിരുന്നു ഫോണ്ടെയ്ൻ 1958 ലോകകപ്പിനെത്തിയത്. മടങ്ങിയത് സൂപ്പർ താരമായും. ലോകകപ്പ് ടീമിൽ തന്നെ അവസാന നിമിഷമായിരുന്നു ഫോണ്ടെയ്ന് ഇടംകിട്ടിയത്. പരിശീലനത്തിനിടെ സ്വന്തം ബൂട്ട് കേടുവന്നതിനെ തുടർന്ന് സഹതാരത്തിൽനിന്ന് കടംവാങ്ങിയ ബൂട്ടുകളുമായിട്ടായിരുന്നു ഫോണ്ടെയ്ൻ ഇറങ്ങിയത്.
എന്നാൽ, ആ ബൂട്ടുകൾ സ്വീഡനിലെ മൈതാനങ്ങളിൽ ചരിത്രം രചിക്കുന്നതാണ് പിന്നീട് കണ്ടത്. ആറു കളികളിൽ 13 ഗോളുകൾ. എല്ലാ മത്സരങ്ങളിലും ഗോൾ. സെമിയിൽ പെലെയുടെ ബ്രസീലിനു മുന്നിൽ കീഴടങ്ങേണ്ടിവന്ന ഫ്രാൻസിനായി ലൂസേഴ്സ് ഫൈനലിലും നാലു ഗോൾ നേടിയാണ് ഫോണ്ടെയ്ൻ 13 ഗോൾ തികച്ചത്. തൊട്ടുമുമ്പത്തെ ലോകകപ്പിൽ ഹംഗറിയുടെ സന്റോർ കോക്സിസ് നേടിയ 11 ഗോളുകളുടെ റെക്കോഡാണ് ഫോണ്ടെയ്ൻ മറികടന്നത്.
നാലു ലോകകപ്പുകളിൽ 16 ഗോൾ നേടിയ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയാണ് മൊത്തം ഗോൾനേട്ടത്തിൽ ഒന്നാമത്. ബ്രസീലിന്റെ റൊണാൾഡോ (മൂന്നു ലോകകപ്പുകളിൽ 15 ഗോൾ, 1994 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല), ഗെർഡ് മുള്ളർ (രണ്ടു ലോകകപ്പുകളിൽ 14 ഗോൾ) എന്നിവരാണ് ഫോണ്ടെയ്ന് മുന്നിലുള്ളത്. അർജന്റീനയുടെ ലയണൽ മെസ്സി (അഞ്ചു ലോകകപ്പുകളിൽ 13 ഗോൾ) ഫോണ്ടെയ്ന് ഒപ്പമുണ്ട്.
തന്റെ റെക്കോഡ് ആരും തകർക്കാൻ സാധ്യതയില്ലെന്നായിരുന്നു ഫോണ്ടെയ്ന്റെ വിലയിരുത്തൽ. ‘അത് തകർക്കണമെങ്കിൽ ഒരു കളിയിൽ ശരാശരി രണ്ടു ഗോൾ വീതം നേടേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഏറെ പ്രയാസകരമാണ്’ -ഫോണ്ടെയ്ന്റെ വാക്കുകൾ.
യു.എസ്.എം കസബ്ലാങ്ക, നീസ്, റെയിംസ് ക്ലബുകൾക്കായി 248 മത്സരങ്ങളിൽ 226 ഗോളുകൾ നേടിയിട്ടുള്ള ഫോണ്ടെയ്ൻ ഫ്രാൻസിനായി 21 കളികളിൽ 30 തവണ എതിർ വലചലിപ്പിച്ചു. മത്സരത്തിനിടെ കാലിന്റെ എല്ല് പൊട്ടിയതിനെ കുറിച്ച് 28ാം വയസ്സിൽ കളി നിർത്തേണ്ടിവന്നു ഫോണ്ടെയ്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

