അരങ്ങേറ്റം അവിസ്മരണീയമാക്കി ജൂഡ് ബെല്ലിങ്ഹാം; സീസൺ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡ്
text_fieldsറയൽ മഡ്രിഡിലെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം. യുവതാരം വലകുലുക്കിയ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി റയൽ ലാ ലിഗ സീസൺ ജയത്തോടെ തുടങ്ങി.
ബ്രസീൽ താരം റോഡ്രിഗോ ഗോസും ടീമിനായി ഗോൾ നേടി. സൂപ്പർതാരം കരീം ബെൻസേമ സൗദി പ്രോ ലീഗിലേക്ക് കൂടുമാറിയെങ്കിലും ടീമിന്റെ പോരാട്ടവീര്യം ഒട്ടും ചോർന്നിട്ടില്ല. മത്സരത്തിന്റെ 28ാം മിനിറ്റിൽ റോഡ്രിഗോയാണ് ടീമിന്റെ ആദ്യ ഗോൾ നേടിയത്. 36ാം മിനിറ്റിൽ ബെല്ലിങ്ഹാം ലീഡ് ഉയർത്തി. വിങ്ങർ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു.
മധ്യനിരയിൽ ബെല്ലിങ്ഹാം മികച്ച പിന്തുണ നൽകി. ഇതൊരു സവിശേഷമായ തുടക്കമാണെന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യം വിജയമാണെന്നും മത്സരശേഷം താരം പ്രതികരിച്ചു. ജർമൻ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിൽനിന്ന് ആറ് വർഷത്തെ കരാറിലാണ് 19കാരനായ ബെല്ലിങ്ഹാം റയലിലെത്തിയത്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ടീമിലെത്തുമെന്ന അഭ്യൂഹവും ശക്തമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

