‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത്
text_fieldsലണ്ടൻ: വാറിന്റെ വിവാദങ്ങളിലും നാടകീയതകളിലും മുങ്ങിയ കളിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ സ്വന്തം കാണികളെ സാക്ഷിനിർത്തി ചെൽസിക്ക് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരായ മത്സരത്തിൽ ബ്രസീൽ, അർജന്റീന താരങ്ങൾ നേടിയ ഗോളുകൾക്കാണ് നീലപ്പട 2-0ത്തിന് ജയിച്ചു കയറിയത്. ഇരുപകുതികളിലായി ജോവോ പെഡ്രോയും ക്യാപ്റ്റൻ എൻസോ ഫെർണാണ്ടസും നേടിയ ഗോളുകളാണ് ക്ലബ് ലോകകപ്പ് ജേതാക്കൾക്ക് ജയം സമ്മാനിച്ചത്.
ഇതോടെ മൂന്നു കളികളിൽ രണ്ടു ജയവും ഒരു സമനിലയുമായി പോയന്റ് നിലയിൽ തൽക്കാലത്തേക്കെങ്കിലും ചെൽസി ഒന്നാമതെത്തി. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ആഴ്സനൽ, ടോട്ടൻഹാം, ലിവർപൂൾ ടീമുകൾ തൊട്ടുപിന്നിലുണ്ട്.
റഫറിയുടെ തീരുമാനങ്ങൾ പലതും വിവാദമായ കളിയിൽ ആദ്യം വല കുലുക്കിയത് ഫുൾഹാമായിരുന്നു. 21-ാം മിനിറ്റിൽ ജോഷ് കിങ്ങിന്റെ ബൂട്ടിൽനിന്നായിരുന്നു ആതിഥേയ വലയിലേക്ക് പന്തെത്തിയത്. എന്നാൽ, ഗോളിലേക്കുള്ള വഴിയിൽ ട്രെവോ ചലോബയെ റോഡ്രിഗോ മുനിസ് ഫൗൾ ചെയ്തുവെന്ന് റഫറി റോബർട്ട് ജോൺസ് വിസിൽ മുഴക്കിയത് ‘വാറി’ലേക്ക് നീണ്ട വിധിയെഴുത്തിൽ. ആശിച്ചുകിട്ടിയ മുൻതൂക്കം അതോടെ ആവിയായിപ്പോയി.
ആദ്യപകുതിയുടെ ഒമ്പതു മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന നാഴികയിലായിരുന്നു പെഡ്രോയുടെ ഗോൾ. എൻസോ എടുത്ത കോർണർകിക്കിൽ കിറുകൃത്യമായൊരു േപ്ലസിങ് ഹെഡർ. ബ്രൈറ്റണിൽനിന്ന് 55 ദശലക്ഷം പൗണ്ടിന് ചെൽസിയിലെത്തിയശേഷം ആദ്യ ഇലവനിൽ കളിച്ച അഞ്ചു കളികളിൽ ബ്രസീലിയൻ മുന്നേറ്റതാരത്തിന്റെ അഞ്ചാം ഗോളാണിത്.
ഇടവേള കഴിഞ്ഞ് കളി ഒമ്പതു മിനിറ്റ് പിന്നിടവേ, പെനാൽറ്റി കിക്കിൽനിന്നായിരുന്നു എൻസോയുടെ ഗോൾ. ഫുൾഹാമിന്റെ റ്യാൻ സെസെഗ്നോൺ ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തടഞ്ഞുവെന്ന് റഫറിയുടെ വിധിയുണ്ടായതും വാർ പരിശോധനയിലാണ്.
ഫുൾഹാമിനെ തങ്ങളുടെ വല കുലുങ്ങാതെ കൊമ്പുകുത്തിച്ചതോടെ സ്വന്തം ഗ്രൗണ്ടിൽ കഴിഞ്ഞ ഒമ്പതു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഏഴിലും ചെൽസി ഗോളൊന്നും വഴങ്ങിയില്ലെന്നതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

