മെസ്സിയുടെ 'ഐകണിക് ആഘോഷം' പുനഃസൃഷ്ടിച്ച് ജെന്നി ഹെർമോസോ
text_fieldsസിഡ്‌നി: അന്ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് ഉയർത്തി ആഘോഷങ്ങൾ അവസാനിച്ചതിന്റെ അടുത്തദിവസമാണ് മോഹക്കപ്പിൽ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന സാക്ഷാൽ ലയണൽ മെസ്സിയുടെ ചിത്രങ്ങൾ വൈറലായത്. തന്നെ ഉറക്കം കെടുത്തിയിരുന്ന സ്വപ്ന കിരീടം ചേർത്ത് പിടിച്ച് ഉറങ്ങുന്ന മെസിയുടെ ചിത്രം ആരാധകർ ആവേശത്തോടെ പങ്കുവെച്ചിരുന്നു.
ഇന്നിതാ സ്പെയിനിൽ മെസിയുടെ ആ 'ഐകണിക് ആഘോഷം' പുനഃസൃഷ്ടിച്ചിരിക്കുന്നു. വനിതാ ലോകകപ്പ് കിരീടം ഉയർത്തിയ ശേഷം സ്പെയിൻ സൂപ്പർതാരം ജെന്നി ഹെർമോസോയാണ് അതേ മാതൃകയിൽ ലോകകപ്പിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടത്.
ഫിഫ വനിത ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചാണ് സ്പെയിൻ കന്നി കിരീടത്തിൽ മുത്തമിട്ടത്. 29ാം മിനിറ്റിൽ ക്യാപ്റ്റൻ ഒൾഗ കാർമോണയാണ് സ്പാനിഷ് ചെമ്പടക്ക് വേണ്ടി വിജയഗോൾ നേടിയത്.
മുൻ ബാഴ്‌സലോണ താരമാണ് ജെന്നി ഹെർമോസോ. ബാഴ്സക്ക് വേണ്ടിയും സ്പെയിനിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. നിലവിൽ മെക്‌സിക്കൻ ഫുട്‌ബാൾ ലീഗായ ലിഗ എം.എക്‌സ് ഫെമെനിലിൽ സി.എഫ് പചൂകക്ക് വേണ്ടിയാണ് കളിക്കുന്നത്.