അപരാജിത കുതിപ്പിന് അന്ത്യം; ചാമ്പ്യന്മാരെ അട്ടിമറിച്ച് ജാംഷഡ്പുർ
text_fieldsവാസ്കോ: അപരാജിത കുതിപ്പ് നടത്തിയ എ.ടി.കെ മോഹൻ ബഗാന് ജാംഷഡ്പുർ എഫ്.സിയുടെ ഉരുക്കുവീര്യത്തിനു മുന്നിൽ അടിതെറ്റി. കളിച്ച മൂന്നിലും ജയിച്ച് കുതിച്ചവരെ, സ്റ്റാർ സ്ട്രൈക്കർ നെരിയസ് വാസ്കിസിെൻറ ഇരട്ട ഗോളിൽ 2-1ന് വീഴ്ത്തി. കളിയുടെ 30, 66 മിനിറ്റുകളിലായിരുന്നു കോർണറിലൂടെയെത്തിയ രണ്ട് അവസരങ്ങളും വാസ്കിസ് ഗോളാക്കിമാറ്റിയത്. 80ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഗോളിലൂടെ എ.ടി.കെ തിരികെയെത്തിയെങ്കിലും കരുത്തുറ്റ പ്രതിരോധവും, അൽപം ഭാഗ്യവുമായി ജാംഷഡ്പുർ പിടിച്ചു നിന്നു. സീസണിൽ ജാംഷഡ്പുരിെൻറ ആദ്യ ജയമാണിത്.
പന്തടക്കത്തിലും ഗോളവസരങ്ങൾ തുറക്കുന്നതിലും തുല്യനിലയിൽ പോരാടിയ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തിൽ എ.ടി.കെയുടെ റോയ് കൃഷ്ണ നേടിയ ഗോൾ വിവാദമായിട്ടുണ്ട്. ഗോൾ ഓഫ് സൈഡാണെന്ന് ജാംഷഡ്പൂർ താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. റോയ് കൃഷ്ണ ക്ലിയർ ഓഫ്സൈഡാണെന്ന് ടി.വി റിേപ്ലകളിൽ വ്യക്തമായിരുന്നു. നാലു മത്സരങ്ങളിൽ നിന്നും റോയിയുടെ മൂന്നാം ഗോളാണിത്.