ജാംഷഡ്പൂരും വീണു; ബ്ലാസ്റ്റേഴ്സിന് അഞ്ചാം ജയം
text_fieldsജാംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം ജയം. ദിമിത്രിയോസ് ദയമാന്റകോസ് നേടിയ ഏക ഗോളിന് ജാംഷഡ്പൂർ എഫ്.സിയാണ് കീഴടക്കിയത്. മത്സരത്തിന്റെ 17ാം മിനിറ്റിലായിരുന്നു കളിയുടെ ഗതി നിർണയിച്ച ഗോളെത്തിയത്. അഡ്രിയാൻ ലൂനയുടെ പാസിൽ ബോക്സിന്റെ മധ്യത്തിൽനിന്ന് ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഷോട്ട് ജംഷഡ്പൂർ ഗോളി ടി.പി. രഹനേഷിനെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. ഗോൾ മടക്കാനുള്ള ജാംഷഡ്പൂരിന്റെ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് വിജയകരമായി പ്രതിരോധിച്ചു. ഗോളി പ്രഭ്സുഖൻ ഗില്ലിന്റെ തകർപ്പൻ സേവുകളും തുണയായി.
ജയത്തോടെ 15 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. എട്ട് മത്സരങ്ങളിൽ ആറും തോറ്റ ജാംഷഡ്പൂർ പത്താമതാണ്. ഒമ്പതു വീതം കളികളിൽ 21 പോയന്റുള്ള മുംബൈ സിറ്റിയും 19 പോയന്റുള്ള ഹൈദരാബാദ് എഫ്.സിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എട്ടു വീതം മത്സരങ്ങളിൽ ഒഡിഷക്ക് 18ഉം എ.ടി.കെ മോഹൻ ബഗാന് 16ഉംം പോയന്റുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈമാസം 11ന് ബംഗളൂരു എഫ്.സിയുമായാണ്.

