കളത്തിൽ ഇസ്രായേൽ; ഗാലറിയിൽ ‘സ്റ്റോപ്പ്’ ബോർഡ്; ലോകകപ്പ് യോഗ്യതാ മത്സരം യുദ്ധവിരുദ്ധ വേദിയാക്കി ഇറ്റലി ആരാധകർ
text_fieldsലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പായി ‘സ്റ്റോപ്പ്’ ബോർഡ് ഉയർത്തി പ്രതിഷേധിക്കുന്ന ആരാധകർ
ഡെബ്രസൻ (ഹംഗറി): ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇസ്രായേലിന്റെ മത്സരം യുദ്ധ വിരുദ്ധ പ്രതിഷേധത്തിന്റെ വേദിയാക്കി മാറ്റി ഇറ്റാലിയൻ ആരാധകർ. ഹംഗറിയിലെ ഡെബ്രസനിൽ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് മുന്നോടിയായി കളത്തിൽ ഇസ്രായേൽ ദേശീയ ഗാനമുയരുമ്പോഴായിരുന്നു ഗാലറിയിൽ ആരാധക പ്രതിഷേധം. ഗ്രൗണ്ടിൽ നിന്നും മുഖം തിരിഞ്ഞു നിന്ന ആരാധകർ, ‘സ്റ്റോപ്പ്’ ബോർഡുയർത്തി ലോകത്തിന്റെ പ്രതിഷേധം ഇസ്രായേലിനോടായി അറിയിച്ചു.
രണ്ടു വർഷം തികയുന്ന ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലകളോടുള്ള പ്രതിഷേധമായാണ് ദേശീയ ടീമിനോട് പുറംതിരിഞ്ഞുകൊണ്ട്, സ്റ്റോപ്പ് ബോർഡുയർത്തി ഫുട്ബാൾ ആരാധകർ യുദ്ധ വിരുദ്ധ സന്ദേശം നൽകിയത്.
ഇതാദ്യമായല്ല ഇറ്റാലിയൻ ആരാധകർ ഗാലറിയയെ ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരായ പ്രതിഷേധ വേദിയാക്കി മാറ്റുന്നത്. ഒരു വർഷം മുമ്പ് ബുഡാപെസ്റ്റിൽ നടന്ന നാഷൻസ് ലീഗ് മത്സരത്തിലും ഇസ്രായേൽ ദേശീയ ഗാനമുയരുമ്പോൾ പുറം തിരിഞ്ഞു നിന്ന് പ്രതിഷേധിച്ചു. സ്റ്റേഡിയം അനൗൻസൺ ‘ഇസ്രായേൽ.. ഇസ്രായേൽ...’ എന്ന് വിളിച്ചുപറഞ്ഞപ്പോൾ കൂവലോടെയായിരുന്നു കാണികളുടെ പ്രതികരണം.
അതിനിടെ, ലോകത്തിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും അഭ്യർത്ഥന തള്ളി ഗസ്സയിലെ വംശഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയൻ കോച്ചുമാരുടെ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. യുക്രെയ്നിലെ അധിനിവേശത്തിന്റെ പേരിൽ റഷ്യയെ വിലക്കിയ അതേ മാതൃകയിൽ ഇസ്രായേലിനെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
2023 ഒക്ടോബറിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇതിനകം 65,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. കര, വ്യോമ ആക്രമണത്തിനൊപ്പം അതിർത്തികൾ അടച്ച് ഭക്ഷണവും, മരുന്നും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് പട്ടിണിക്കിട്ടും ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്.
ഹംഗറിയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റലി 5-4ന് ഇസ്രായേലിനെ തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

