ഇറ്റലിയുടേയും ചൂടറിഞ്ഞ് ഇസ്രായേൽ; യോഗ്യത മത്സരത്തിൽ വൻ തോല്‍വി, 3-0
text_fieldsഉഡിൻ(ഇറ്റലി): ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർവെയുടെ ഗോൾ മഴക്ക് പിന്നാലെ ഇസ്രായേൽ പോസ്റ്റിൽ ഗോൾ വർഷിച്ച് ഇറ്റലിയും. ഇസ്രായേലിന്റെ ലോകകപ്പ് യോഗ്യത മോഹങ്ങളെ തച്ചുടച്ച് ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് (3-0) ഇറ്റലി ജയിച്ച് കയറിയത്.
ഇസ്രായേലിന്റെ വംശഹത്യയിൽ വൻ പ്രതിഷേധം ഉയരുന്ന ഇറ്റലിയിൽ വൻ സുരക്ഷ സന്നാഹങ്ങളോടെയാണ് ഇസ്രായേലുമായി യോഗ്യത മത്സരം നടന്നത്. ഉഡിനി ബ്ലൂ എനർജി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനമാണ് (45+2) ഇറ്റലി ആദ്യ ലീഡെടുക്കുന്നത്.
മാറ്റിയോ റെറ്റൻഗി നേടിയ പെനാൽറ്റി ഗോളാണ് ഇറ്റലിയെ മുന്നിലെത്തിച്ചത്. 74ാം മിനിറ്റിൽ റെറ്റൻഗി രണ്ടാമത്തെ ഗോളും കണ്ടെത്തി (2-0). അന്തിമവിസിലിന് തൊട്ടുമുൻപ് ജിയാൻലുക്ക മാൻസീനിയുടെ ഗോൾകൂടി എത്തിയതോടെ ഇസ്രായേൽ പതനം പൂർണമായി. വിജയത്തോട് കൂടി അറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഗ്രൂപ് ഐയിൽ രണ്ടാമതാണ് ഇറ്റലി. 18 പോയിന്റുള്ള നോർവെയാണ് ഒന്നാമത്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇസ്രായേലിന്റെ ലോകകപ്പ് യോഗ്യത സാധ്യതകൾ ഏറെകുറെ അവസാനിച്ചു.
നേരത്തെ, എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇസ്രായേലിനെ തകർത്തത്. സൂപ്പർ താരം എർലിങ് ഹാളണ്ട് ഹാട്രിക്കുമായി(27,63, 72) തിളങ്ങി. അനൻ കലെയ്‌ലി(18), ഇദാൻ നജ്മിയാസ്(28) എന്നിവരുടെ സെൽഫ് ഗോളുകളും നോർവെക്ക് കരുത്തായി.
അതേസമയം, യോഗ്യതമത്സരം നടക്കുന്നതിന് തൊട്ടുമുൻപ് ഉഡിൻ നഗരത്തിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനം വൻ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 5,000ത്തിലധികം പേരാണ് പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

