യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്
text_fieldsതെൽ അവീവ്: യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇംഗ്ലീഷ് ക്ലബ് വിശദീകരിച്ചു. മക്കാബി തെൽ അവീവിന്റെ കാണികളെയാണ് വിലക്കിയത്.
വില്ല പാർക്കിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങൾക്ക് സുരക്ഷാസർട്ടിഫിക്കറ്റ് നൽകുന്ന ബിർമിങ്ഹാം സേഫ്റ്റി അഡ്വസൈറി ഗ്രൂപ്പാണ് മത്സരത്തിൽ നിന്നും ഇസ്രായേൽ കാണികളെ വിലക്കിയത്. ഇക്കാര്യം ഇസ്രായേലിനെ ഔദ്യോഗികമായി അറിയിച്ചുവെന്നും ആസ്റ്റൺവില്ല വ്യക്തമാക്കി. സേഫ്റ്റി അഡ്വസൈറി ഗ്രൂപ്പിന്റെ നിർദേശപ്രകാരമാണ് കാണികളെ വിലക്കുന്നതെന്നും ആസ്റ്റൺവില്ല വ്യക്തമാക്കി.
മത്സരത്തിന് മുന്നോടിയായി കനത്ത ജാഗ്രതയാണ് പുലർത്തുന്നതെന്ന് വെസ്റ്റ് മിഡ്‍ലാൻഡ് പൊലീസ് അറിയിച്ചു. കടുത്ത അപകടസാധ്യതയുള്ള മത്സരമായാണ് ആസ്റ്റൺ വില്ലയും ഇസ്രായേൽ ക്ലബും തമ്മിലുള്ള കളിയെ വിലയിരുത്തുന്നതെന്നും പൊലീസ് അറിയിച്ചു. 2024 യുവേഫ യുറോപ്പ ലീഗിനിടെ കഴിഞ്ഞ വർഷം അജാക്സും മക്കാബിയും തമ്മിലുള്ള മത്സരം നടന്നപ്പോൾ ആംസ്റ്റർഡാമിൽ സംഘർഷങ്ങളുണ്ടായിരുന്നു. സമാനസാഹചര്യം ഇവിടെയും ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം അജാക്സും മക്കാബി തെൽ അവീവും തമ്മിലുള്ള മത്സരത്തിനിടെ ഫലസ്തീനെ അനുകൂലിക്കുന്നവരും ഇസ്രായേൽ ക്ലബിന്റെ ആരാധകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.തുടർന്ന് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ കാണികൾ വംശീയ മുദ്രാവാക്യങ്ങൾ ഉൾപ്പടെ വിളിച്ച് മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് വരാനിരിക്കുന്ന മത്സരത്തിൽ നിന്നും ഇസ്രായേൽ കാണികളെ മാറ്റിനിർത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

